വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കുറഞ്ഞു
text_fieldsമനാമ: ബഹ്റൈനിലെ വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞതായി വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഇതുവരെ നടത്തിയ പരിശോധനകളിൽ 27,481 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ കുറവാണ്. ഇത് വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ നിയമങ്ങളെക്കുറിച്ചുള്ള ഉയർന്ന അവബോധം കാണിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നടത്തിയ 1,442 പരിശോധനാ കാമ്പയിനുകളിലായി 32,986 സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ഇതിൽ 18,714 സ്ഥാപനങ്ങളും പൂർണമായും നിയമങ്ങൾ പാലിക്കുന്നതായി കണ്ടെത്തി.
കടകളുടെ മുൻവശത്തെ ബോർഡുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 47 ശതമാനത്തിന്റെ കുറവാണുണ്ടായത്. ബോർഡുകളിലെ പേരുകൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ഒത്തുപോകുന്നതാകണം, അറബിയിലും ഇംഗ്ലീഷിലും ആയിരിക്കണം, വ്യക്തമായി കാണുന്നതും ആക്ഷേപകരമല്ലാത്തതും ആയിരിക്കണം തുടങ്ങിയവയായിരുന്നു ബോർഡുകളിൽ പാലിക്കേണ്ട നിയമങ്ങൾ.
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച കേസുകളിൽ 32 ശതമാനം കുറവ് രേഖപ്പെടുത്തി. സുരക്ഷിതമായ ഉൽപന്നങ്ങൾ, കൃത്യമായ വിവരങ്ങൾ നൽകുക, കേടായ ഉൽപന്നങ്ങൾക്ക് റീഫണ്ട് നൽകുക തുടങ്ങിയവ ഈ നിയമത്തിൽ ഉൾപ്പെടുന്നു. ഗുരുതരമായ നിയമലംഘനങ്ങൾ കാരണം 20 സ്ഥാപനങ്ങൾ മാത്രമാണ് അടച്ചുപൂട്ടിയത്. കൂടാതെ, വ്യാജ രേഖകൾ സമർപ്പിച്ചതിന് 110 കേസുകൾ നിയമനടപടികൾക്കായി കൈമാറി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാണുകയാണെങ്കിൽ പൊതുജനങ്ങൾ പരാതികൾ തവാസുൽ വഴിയോ 17111225 എന്ന നമ്പറിലോ അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

