നിയമലംഘനം: 58 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: അനധികൃതമായി രാജ്യത്ത് താമസിച്ച 58 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). എല്ലാ ആഴ്ചയും എൽ.എം.ആർ.എ നടത്തിവരാറുള്ള പരിശോധനകളുടെ ഭാഗമായി പിടിയിലായവരെയാണ് നാടുകടത്തിയത്. നവംബർ ഒമ്പത് മുതൽ 15 വരെ എൽ.എം.ആർ.എയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ 1900 പരിശോധനാ കാമ്പയിനുകളും സന്ദർശനങ്ങളും നടത്തിയതായി അധികൃതർ അറിയിച്ചു.
ഈ പരിശോധനകളിൽ 16 നിയമലംഘകരെ പിടികൂടിയിട്ടുണ്ട്. തൊഴിൽവിപണി റെഗുലേറ്ററി അതോറിറ്റിയുടെയും താമസനിയമങ്ങളുടെയും വ്യവസ്ഥകൾ ലംഘിച്ച നിരവധി നിയമലംഘനങ്ങൾ പരിശോധനകളിൽ കണ്ടെത്തി. ഈ നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പരിശോധനകളിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ്, അതാത് ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്ട് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റീവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവ സംയുക്തമായി പങ്കെടുത്തു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തൊഴിൽവിപണിയുടെ സ്ഥിരതയെയും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കാതിരിക്കാൻ എല്ലാ ഗവർണറേറ്റുകളിലും സംയുക്ത പരിശോധനകൾ ശക്തമായി തുടരുമെന്ന് എൽ.എം.ആർ.എ ഉറപ്പിച്ചുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

