തൊഴിൽനിയമ ലംഘനം; 2400 വിദേശികൾക്കെതിരെ നടപടി
text_fieldsമനാമ: കഴിഞ്ഞവർഷം അനധികൃതമായി രാജ്യത്ത് തങ്ങുകയും തൊഴിൽനിയമങ്ങൾ ലംഘിക്കുകയും ചെയ്ത 2400 വിദേശികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി തൊഴിൽ മന്ത്രാലയം. 559,822 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ബോർഡ് ചെയർമാൻ കൂടിയായ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ എം.പിമാരെ അറിയിച്ചു. 2023 മാർച്ച് അഞ്ചു വരെ 2,655 തൊഴിൽ മേഖലകളിലായി 486,047 പേർ ജോലി ചെയ്യുന്നുണ്ട്. ഇതുകൂടാതെ 73,775 വീട്ടുജോലി ചെയ്യുന്നവരുമുണ്ട്. ഇതിനുപുറമെയാണ് ജോലിയുള്ളവരുടെ കുടുംബാംഗങ്ങൾ. അവർ 119,713 പേർ വരും. 20,844 പ്രവാസി നിക്ഷേപകരുമുണ്ട്.
കഴിഞ്ഞ വർഷം, 6,397 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. തൊഴിൽ വിപണിയുടെ ആവശ്യങ്ങളനുസരിച്ചുള്ള പരിശീലനമാണ് വിദ്യാർഥികൾക്ക് നൽകുന്നത്.
സെക്കൻഡറി സ്കൂൾ ബിരുദധാരികൾക്ക് തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും തൊഴിലധിഷ്ഠിത പരിശീലനം നൽകാനും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 29,995 ബഹ്റൈനികൾക്ക് ജോലി നൽകാൻ കഴിഞ്ഞു. എന്നാൽ, ഇത് പ്രഖ്യാപിത ലക്ഷ്യത്തിന്റെ 149.9 ശതമാനമാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചത്. 27,019 പരിശോധനകളും 292 സംയുക്ത റെയ്ഡുകളും കഴിഞ്ഞ വർഷം നടത്തി. കണ്ടെത്തിയ നിയമ ലംഘന കേസുകളെല്ലാം പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രവാസി തൊഴിലാളികളുടെ കുടുംബാംഗങ്ങളായ 119,713 പേർ രാജ്യത്ത് താമസിക്കുന്നുണ്ട്. 2023 ഫെബ്രുവരി 13 വരെ 20,844 പ്രവാസി നിക്ഷേപകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 234,001 ആണ്. 88,142 ബംഗ്ലാദേശികളും 60,330 പാകിസ്താനികളും രാജ്യത്തുണ്ട്. ഫിലിപ്പീൻസുകാരാണ് ഗാർഹിക തൊഴിലാളികളിലധികവും. (20,328). 19,810 ഇന്ത്യൻ ഗാർഹിക തൊഴിലാളികളും 9,064 ഇത്യോപ്യക്കാരുമുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഫ്ലെക്സി പെർമിറ്റുകൾ റദ്ദാക്കിയതിനുശേഷം, ഈ വർഷം മാർച്ച് ആദ്യം വരെ 35,844 പ്രവാസികൾ വിദഗ്ധ ജോലികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് മന്ത്രാലയത്തിന്റെ കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.