തൊഴിൽ നിയമ ലംഘനം; 44 വിദേശ തൊഴിലാളികളെ നാടുകടത്തി
text_fieldsമനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 44 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ 24നും 30നും ഇടയിൽ മൊത്തം 1527 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 48 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
20 സംയുക്ത പരിശോധന കാമ്പയിനുകൾ നടത്തി. കാപിറ്റൽ ഗവർണറേറ്റിൽ 14 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ മൂന്ന്, നോർത്തേൺ ഗവർണറേറ്റിൽ രണ്ട്, സതേൺ ഗവർണറേറ്റിൽ ഒന്ന് എന്നിങ്ങനെയാണ് കാമ്പയിനുകൾ. ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, കോസ്റ്റ് ഗാർഡ് എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

