Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

44 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് വിജയൻ മടങ്ങുന്നു

text_fields
bookmark_border
news
cancel

മനാമ: ജീവിതപ്രതിസന്ധികളിൽ തളരാതെ, സ്വന്തം ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് മാത്രം പ്രവാസലോകത്ത് വിജയം വരിച്ച കാസർകോട് പരപ്പ ബളാൽ സ്വദേശി വിജയൻ 44 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിടുന്നു.

1982-ൽ ബോംബെ വഴിയാണ് വിജയൻ ബഹ്‌റൈനിൽ എത്തിയത്. സുഹൃത്ത് ഖാദർ തരപ്പെടുത്തി നൽകിയ വിസയിലായിരുന്നു യാത്ര. ഗൾഫ് രാജ്യങ്ങളുടെ വളർച്ചയുടെ തുടക്കകാലം. ജോലി കണ്ടെത്താനും ജീവിതം പച്ചപിടിപ്പിക്കാനും പ്രയാസങ്ങൾ ഏറെയുണ്ടെന്ന് സുഹൃത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കുടുംബത്തിന്റെ ഭാവി ഓർത്ത് എല്ലാ കഷ്ടപ്പാടുകളും സഹിക്കാൻ തയ്യാറായാണ് അദ്ദേഹം വിമാനത്തിൽ കയറിയത്.

നിറഗർഭിണിയായ ഭാര്യയോട് യാത്ര പറഞ്ഞായിരുന്നു വരവ്. ബോംബെയിലെ 15 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 23-നാണ് അദ്ദേഹം പവിഴദ്വീപിലെത്തിയത്. തൊട്ടടുത്ത ദിവസം (മാർച്ച് 24ന്) നാട്ടിൽ നിന്ന് ഭാര്യ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയെന്ന സന്തോഷവാർത്തയാണ് വിജയനെ തേടിയെത്തിയത്. മകനെ നേരിൽ കാണാൻ പിന്നീട് രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടിയും വന്നു.

42 പേർ താമസിക്കുന്ന, എ.സി മുതൽ ആവശ്യ സൗകര്യങ്ങളോ ഇല്ലാത്ത മൂന്ന് മുറി മാത്രമുള്ള ചെറിയൊരു റൂമിലേക്കാണ് അന്ന് അദ്ദേഹം വന്നിറങ്ങിയത്. എന്നാൽ തോറ്റു കൊടുക്കാനോ പിന്മാറാനോ വിജയൻ ഒരുക്കമാവാതെ അവിടെ തുടരുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനൊടുവിൽ ഒരു മലയാളി ഹോട്ടലിൽ ജോലി ലഭിച്ചു. അലവൻസ് ഉൾപ്പെടെ അക്കാലത്ത് 64 ദീനാറായിരുന്നു ശമ്പളം.

ലഭിച്ച ആദ്യ ശമ്പളത്തിൽ നിന്ന് 49 ദീനാറും അദ്ദേഹം അച്ഛന് അയച്ചുകൊടുത്തു. 10 ദീനാർ റൂം വാടകയും ബാക്കി വന്ന 4 ദീനാർ മാത്രം സ്വന്തം ചെലവിനുമായി മാറ്റിവെച്ച് അദ്ദേഹം ജീവിതം പിടിച്ചുനിർത്തി. കുറച്ചുകാലം ഹോട്ടൽ ജോലിയോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ പാർട് ടൈം ഡ്യൂട്ടിയും ചെയ്തിരുന്നു. എട്ട് മാസത്തോളം ഈ ജോലി തുടർന്നു. ഈ രീതി മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം പുതിയ വഴി തേടിയത്.

തുടർന്ന് സിത്ര മാർക്കറ്റിൽ ഒരു യമനിയുടെ കീഴിൽ പച്ചക്കറി വിൽപ്പനക്കാരനായി ജോലിയിൽ പ്രവേശിച്ചു. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ആദ്യം തുറസ്സായ സ്ഥലത്ത് സ്വദേശികൾക്കിടയിലായിരുന്നു കച്ചവടം. അഞ്ച് വർഷത്തിന് ശേഷം സിത്രയിൽ സ്ഥിരം മാർക്കറ്റ് സ്ഥാപിതമായതോടെ കട അവിടേക്ക് മാറി. കച്ചവടത്തോടുള്ള ആത്മാർത്ഥതയും അധ്വാനവും അദ്ദേഹത്തെ പടിപടിയായി വളർത്തി.

പിന്നീട് സഹായത്തിനായി മറ്റു തൊഴിലാളികളെയും നിയോഗിച്ചു. 15 വർഷത്തോളം ഈ രീതി തുടർന്ന ശേഷം, ആ യമനിയിൽ നിന്ന് കട അദ്ദേഹം സ്വന്തമായി ഏറ്റെടുക്കുകയായിരുന്നു. ഇന്ന് സിത്ര മാർക്കറ്റിലെ മികച്ച കച്ചവടക്കാരിൽ ഒരാളാണ് വിജയൻ. കടയുടെ നടത്തിപ്പ് സഹോദരന്റെ മകനെ ഏൽപ്പിച്ചാണ് അദ്ദേഹം ഇപ്പോൾ ബഹ്‌റൈനോട് വിടപറയുന്നത്. ബഹ്‌റൈനിൽ എത്തിയത് മുതൽ ഇക്കാലമത്രയും ഒരേ സ്പോൺസറുടെ കീഴിൽ 42 വർഷം തുടർന്നു എന്നതും വിജയനെ വ്യത്യസ്തനാക്കുന്നു.

തനിക്ക് ജീവിതത്തിൽ ഇത്രയധികം അനുഗ്രഹങ്ങളും നേട്ടങ്ങളും നൽകിയ ബഹ്‌റൈനോട് അളവറ്റ കടപ്പാടാണ് വിജയനുള്ളത്. സുധയാണ് ഭാര്യ. മൂത്ത മകൻ സുജിത് ബഹ്‌റൈനിൽ തന്നെ എച്ച്.ആർ. ആയി ജോലി ചെയ്യുന്നു. സജ്ന, ദുബൈയിൽ ജോലി ചെയ്യുന്ന വൈശാഖ് എന്നിവരാണ് മറ്റ് മക്കൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 44-Year Expat Life Ends As Vijayan Returns
Next Story