ബഹ്റൈനിൽ വെറ്ററിനറി മരുന്നുകൾക്ക് നിയന്ത്രണം
text_fieldsമനാമ: രാജ്യത്ത് വെറ്ററിനറി മരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, രജിസ്ട്രേഷൻ, വിതരണം എന്നിവ നിയന്ത്രിക്കുന്നതിനായി ഒരു സമഗ്ര ദേശീയ മാർഗരേഖ പുറത്തിറക്കി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം. ഈ ഉൽപന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, വ്യാജമോ ലൈസൻസ് ഇല്ലാത്തതോ ആയ മരുന്നുകൾ വിപണിയിലെത്തുന്നത് തടയുക, രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണിത്.
ഇതനുസരിച്ച് കമ്പനികളും വിതരണക്കാരും കൈകാര്യം ചെയ്യുന്ന മരുന്നുകളുടെ തരങ്ങൾ, അവയുടെ ചേരുവകൾ, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു, എവിടെ സൂക്ഷിക്കുന്നു എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകണം. മുൻകൂർ രജിസ്ട്രേഷൻ, റെക്കോഡ് സൂക്ഷിക്കൽ, വിതരണം നിരീക്ഷിക്കൽ എന്നിവക്കുള്ള വ്യക്തമായ വ്യവസ്ഥകൾ ഇതിലുണ്ട്. വെറ്ററിനറി മരുന്നുകൾ ഓൺലൈനായോ ലൈസൻസില്ലാത്ത മാർഗങ്ങളിലൂടെയോ വാങ്ങുന്നതും വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.
മുൻകൂർ അനുമതിയില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ പ്രമോഷനൽ കാമ്പയിനുകളോ പാടില്ല. രാജ്യത്തേക്ക് ഏതെങ്കിലും വെറ്ററിനറി മരുന്നുകൾ കൊണ്ടുവരുന്നതിനുമുമ്പ് അനുമതിക്കായി മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയോ അനിമൽ ഹെൽത്ത് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് വഴിയോ ഓൺലൈനായി അപേക്ഷിക്കണം. അനിമൽ ഹെൽത്ത് ഡയറക്ടറേറ്റ് അംഗീകരിച്ച മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്യാനും വിൽക്കാനും വിതരണം ചെയ്യാനും പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

