പ്രതിസന്ധികൾക്കൊടുവിൽ വെങ്കിടാദ്രിയും മാര്‍ത്തമ്മയും നാട്ടിലേക്ക് മടങ്ങി
text_fieldsആന്ധ്ര സ്വദേശിയായ വെങ്കിടാദ്രിയെ പുനർജനി പ്രവർത്തകർ ഹമദ് വിമാനത്താവളത്തിൽനിന്ന് യാത്രയയക്കുന്നു
ദോഹ: പ്രതിസന്ധികൾക്കൊടുവിൽ ആന്ധ്ര സ്വദേശികളായ വെങ്കിടാദ്രിയും (46) മാര്‍ത്തമ്മ പാമുവും (31) നാട്ടിലേക്ക് മടങ്ങി. ഖത്തറിലെ ജീവകാരുണ്യ സംഘടനയായ 'പുനര്‍ജനി'യുടെ ഇടപെടലിലാണ് അവർക്ക് തുണയായത്. വീട്ടുസഹായി ആയാണ് ആന്ധ്ര ഹൈദരാബാദ് സ്വദേശിയായ വെങ്കിടാദ്രി ഖത്തറിലെത്തിയത്. ഹൃദയാഘാതവും മസ്തിഷ്കാഘാതവും ബാധിച്ച്, ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ജനുവരി ഏഴ് മുതല്‍ ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങളെല്ലാം ലഭ്യമാക്കിയ പുനര്‍ജനി പ്രവര്‍ത്തകർ അദ്ദേഹത്തിന് ജന്മനാട്ടിലേക്കുള്ള യാത്രസൗകര്യവും ഒരുക്കുകയായിരുന്നു. എച്ച്.എം.സിയുടെ ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ ഹമദ് വിമാനത്താവളത്തിലെത്തിച്ച വെങ്കിടാദ്രി ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രയായത്.ഇതേ വിമാനത്തില്‍തന്നെയാണ് വിശാഖപട്ടണം സ്വദേശിനിയായ മാര്‍ത്തമ്മ പാമുവും നാട്ടിലേക്ക് പോയത്.
പക്ഷാഘാതവും മറ്റ് അസുഖങ്ങളും മൂലം ശയ്യാവലംബി ആയിരുന്ന മാര്‍ത്തമ്മക്ക് എച്ച്.എം.സിയുടെ മെഡിസിറ്റിയിലെ, ഇനായ ആശുപത്രിയിലാണ് ചികിത്സ ലഭിച്ചത്.ഇരുവരുടേയും യാത്രക്കാവശ്യമായ ചെലവിലേക്ക് അവരുടെ സ്പോൺസർമാർ, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫണ്ട് (ഐ.സി.ബി.എഫ്), റുമൈല ആശുപത്രി ജീവനക്കാർ എന്നിവരുടെ സഹായം ലഭിച്ചതായും പുനര്‍ജനി പ്രവര്‍ത്തകര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.