വാഹനങ്ങൾ മഞ്ഞ വര കടക്കരുത്: നിയമം തെറ്റിക്കുന്നവർക്കെതികെ കർശന നടപടിക്ക് പാർലമെന്റിൽ ശിപാർശ
text_fieldsമനാമ: ഹൈവേകളിലെ മഞ്ഞ വരകൾക്കുള്ളിലൂടെയുള്ള (എമർജെൻസി ലൈൻ) നിയമവിരുദ്ധമായ ഡ്രൈവിങ് തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്റൈൻ പാർലമെന്റിൽ ആവശ്യമുയർന്നു. ഡോ. മുനീർ സുരൂറിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഇത് സംബന്ധിച്ച അടിയന്തര നിർദ്ദേശം സമർപ്പിച്ചത്. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ എ.ഐ അധിഷ്ഠിത ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് ഒഴിവാക്കാൻ പല ഡ്രൈവർമാരും എമർജെൻസി ലൈനുകൾ ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നും ഇത് ജീവൻരക്ഷാ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡോ. സുരൂർ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലുള്ള പിഴകൾക്ക് പുറമെ, നിയമലംഘനം നടത്തിയാൽ ഉടൻ തന്നെ ഫോണിലേക്ക് സന്ദേശം എത്തുന്ന തരത്തിലുള്ള സ്മാർട്ട് നിരീക്ഷണ സംവിധാനവും ഒരുക്കണം.
ബഹ്റൈനിൽ കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങളിൽ 76 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിലവിൽ ആഭ്യന്തര മന്ത്രാലയം 500 ഓളം എ.ഐ ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ഈ സംവിധാനം ഹൈവേകളിലെ എമർജെൻസി ലൈനുകൾ സംരക്ഷിക്കാനും വിപുലീകരിക്കണമെന്നാണ് പാർലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിക്ക് കൈമാറിയ ഈ ശുപാർശയിൽ പറയുന്നത്. അടിയന്തര പാത ബ്ലോക്ക് ചെയ്യുന്നത് ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്ന ഗൗരവകരമായ സാഹചര്യമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

