രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധന
text_fieldsമനാമ: രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഔദ്യോഗിക കണക്കുകൾ പ്രകാരം 2024ൽ ആകെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 17,585 വാഹനങ്ങളാണ്. 2023 നെ അപേക്ഷിച്ച് 2386 വാഹനങ്ങളുടെ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്. ഇതോടെ രാജ്യത്തുള്ള ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 7,68,299 ആയി ഉയർന്നു.
വർഷത്തിന്റെ തുടക്കം മുതലേ രജിസ്ട്രേഷൻ കണക്കുകൾ വർധിക്കുന്ന കാഴ്ചയായിരുന്നു. 2024 ജനുവരിയിൽ 7,50,714 വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, അന്തിമകണക്കിലെത്തിയപ്പോൾ 7,68,299 എന്ന നമ്പറിലേക്കുയർന്നു. കഴിഞ്ഞ മൂന്നുവർഷക്കാലയളവിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
എന്നാൽ, ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തെത്തുടർന്ന് വരുന്ന റോഡിലെ തിരക്കും സമ്മർദങ്ങളും ആശങ്കയുയർത്തുന്നുമുണ്ട്. എന്നാൽ, റോഡിലെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും സുരക്ഷയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും നിർദേശങ്ങൾക്കും ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ട്രാഫിക് കൗൺസിൽ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ സാധുതകളെ പരിശോധിക്കാൻ ഒരു കൺസൾട്ടിങ് സ്ഥാപനത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ നടപ്പാക്കുക, ഡിജിറ്റൽ സേവനങ്ങളുടെ വിപുലീകരണം, പൊതുറോഡുകളിലെ വാഹനങ്ങളുടെ ആയുസ്സും അവയുടെ പ്രവർത്തന പരിധി നിർണയിക്കുന്നതിനുമുള്ള പഠനങ്ങൾ, അനധികൃത പാർക്കിങ്ങുകൾ നിരുത്സാഹപ്പെടുത്തുക, മികച്ച ട്രാഫിക് ബോധവത്കരണം നൽകുക, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ പരിസരങ്ങളിൽ പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കുക മുതലായവയും റോഡ് സുരക്ഷക്കായുള്ള നിർദേശങ്ങളിൽ ഉൾപ്പെട്ടവയാണ്.
കൂടാതെ, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമായി നിരവധി റോഡ് വികസനങ്ങളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. അൽ ഫത്തേഹ് ഹൈവേ നവീകരണം, ജനാബിയ ഹൈവേ മൂന്നു വരിപ്പാതയാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

