സാറിലെ വാഹനാപകടം; വിധിപ്രഖ്യാപനം ജൂലൈ 16ന്
text_fieldsഅപകടത്തിൽ തകർന്ന കാർ (ഫയൽ)
മനാമ: സാറിൽ മേയ് 30ന് നടന്ന വാഹനാപകടത്തിൽ പ്രതിക്കെതിരെയുള്ള കേസിൽ ജൂലൈ 16ന് വിധി പറയും. കഴിഞ്ഞദിവസം നടന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലിന്റെയും വാദങ്ങൾ കേട്ട കോടതി, വിധിപ്രഖ്യാപനം അടുത്ത ആഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിയുടെ അഭിഭാഷകൻ, അപകടത്തിൽ തന്റെ കക്ഷിക്ക് ഉത്തരവാദിത്തമില്ലെന്ന് വാദിച്ചു. അതേസമയം, പ്രതിക്ക് യാതൊരു ദയയും കാണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. മാതാവും പിതാവും അവരുടെ മൂന്ന് കുട്ടികളുമടങ്ങിയ കുടുംബമായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ 40 വയസ്സുകാരനായ അഹമ്മദ് അൽ ഓറൈദ്, 36കാരിയായ ഭാര്യ ഫാത്തിമ അൽ ഖൈദൂം എന്നിവർ സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മക്കളിൽ ഏഴു വയസ്സുകാരനായ അബ്ദുൽ അസീസ് ജൂൺ 13നും മരിച്ചു. സാരമായ പരിക്കേറ്റ 12 ഉം ഒമ്പതും വയസ്സായ മറ്റു രണ്ടുപേർക്ക് രോഗം ഭേദമായിവരുകയാണ്. അവരിപ്പോൾ ബന്ധു വീട്ടിൽ വിശ്രമത്തിലാണ്.
പ്രതിയുടെ അഭിഭാഷകൻ അഹമ്മദ് തൗഖ്, തന്റെ കക്ഷിക്ക് അപസ്മാരം വന്നതുകൊണ്ടും വാഹനത്തിന്റെ ഒരു ടയർ പൊട്ടിയതുമാണ് അപകടത്തിന് കാരണമായതെന്ന് വാദിച്ചു.പ്രതി ബ്രെയിൻ ട്യൂമർ ബാധിച്ച ആളാണെന്നും അതിനാൽ ദയയോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതി കഴിക്കുന്ന അപസ്മാര മരുന്നുകൾ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും അതിനാലാണ് രക്തപരിശോധനയിൽ മദ്യപിച്ചതായി തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ട്രാഫിക് നിയമലംഘനമാണെന്നും പിതാവിന്റെ അനാസ്ഥയാണ് കുട്ടികളുടെ പരിക്കുകൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പൂർണമായ ചിത്രം നൽകുന്നില്ലെന്നും അദ്ദേഹം വാദിച്ചു. പിതാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും അപകടത്തിലെ പരിക്കുകൾ കാരണമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, പ്രതിയുടെ പ്രവൃത്തികളെ ‘പൊറുക്കാനാകാത്തത്’ എന്ന് വിശേഷിപ്പിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നും അവർ ആരോപിച്ചു. പ്രതി എതിർദിശയിലേക്ക് വാഹനം കയറ്റി നിരപരാധികളായ ജീവനുകൾ അപഹരിക്കുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ഇത് സാധാരണ ട്രാഫിക് അപകടമല്ലെന്നും മറിച്ച് അമിതമായ അനാസ്ഥ, അങ്ങേയറ്റത്തെ അശ്രദ്ധ, നിയമങ്ങളോടും മനുഷ്യജീവനോടുമുള്ള അവഗണന എന്നിവ ഉൾപ്പെടുന്ന ഒരു കുറ്റകൃത്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷിയെ വിളിച്ചുവരുത്താനും സി.സി ടി.വി ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നൽകാനുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷയും ജഡ്ജി അനുവദിച്ചില്ല. പ്രതിയുടെ രോഗത്തിന്റെ വ്യാപ്തിയും അത് അദ്ദേഹത്തിന്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ എങ്ങനെ ബാധിച്ചുവെന്ന് നിർണയിക്കാൻ ഒരു മെഡിക്കൽ കമീഷന്റെ വിലയിരുത്തലിനുള്ള അപേക്ഷയും നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

