ഹാഫിറയിലെ വാഹനാപകടം; അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsഹാഫിറയിലെ അപകടത്തിൽ തകർന്ന വാഹനം
മനാമ: കഴിഞ്ഞ ശനിയാഴ്ച ഹാഫിറയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. അപകടത്തിൽ ആഫ്രിക്കൻ പൗരന്മാരായ രണ്ടു തൊഴിലാളികൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസ് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തത്. ട്രാഫിക് പ്രോസിക്യൂഷന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെയും റിപ്പോർട്ടനുസരിച്ച്, ബസ് ഡ്രൈവർ സംഭവസ്ഥലത്ത് ഗതാഗത നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചുവെന്നാണ്.
എതിർദിശയിലൂടെ ഓവർടേക്കിങ്ങിന് ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ ഉഗാണ്ടൻ സ്വദേശികളായ ജൂലിയസ് മുഹ്വേസി, ഐസക് എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ഒരേ സെക്യൂരിറ്റി കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു. നാല് വർഷമായി ബഹ്റൈനിലുള്ള ഇവർ നവംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നിലയെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളില്ല.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാളെ വിചാരണ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ട്. പ്രതിയെ ക്രിമിനൽ വിചാരണക്ക് വിധേയമാക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. അപകടകരമായ ഡ്രൈവിങ് തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ബഹ്റൈൻ ട്രാഫിക് നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു.
ഇതിന്റെ ഭാഗമായി ഗുരുതരമായ ട്രാഫിക് അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ ആഭ്യന്തര മന്ത്രാലയത്തിന് കഴിയും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഈ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. കഴിഞ്ഞ മേയ് 30ന് സാറിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തിൽ വാഹനമോടിച്ച ഒരാൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

