വാറ്റ്, എക്സൈസ് നികുതികളുടെ തട്ടിപ്പ്; രാജ്യത്തുടനീളം 724 പരിശോധനകൾ നടത്തി എൻ.ബി.ആർ
text_fieldsമനാമ: വാറ്റ്, എക്സൈസ് നികുതികൾ കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) രാജ്യത്തുടനീളം 724 പരിശോധനകൾ നടത്തി.2025ന്റെ ആദ്യ പകുതിയിൽ മാർക്കറ്റുകളിൽ നടത്തിയ പരിശോധനകളിൽ 71 വാറ്റ് ലംഘനങ്ങൾ കണ്ടെത്തുകയും ലംഘകർക്ക് പിഴകൾ ചുമത്തുകയും ചെയ്തതായി എൻ.ബി.ആർ അറിയിച്ചു. വിപണി നിരീക്ഷണം നിലനിർത്തുക, ഉപഭോക്തൃ അവകാശങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുക, വാറ്റ്, എക്സൈസ് വെട്ടിപ്പ് ചെറുക്കുക എന്നിവയാണ് ഈ പരിശോധനകളുടെ ലക്ഷ്യങ്ങൾ. വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനം.
വാറ്റ് ഉൾപ്പെടെയുള്ള വിലകൾ കാണിക്കാത്തത്, ദൃശ്യമായ സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തത്, വാറ്റ് ഇൻവോയ്സുകൾ നൽകാത്തത്, വാറ്റ് ടേബിൾ അല്ലാത്ത വിതരണങ്ങളിൽ വാറ്റ് ഇൻവോയ്സുകൾ നൽകാത്തത് തുടങ്ങിയ മറ്റ് ലംഘനങ്ങളും കണ്ടെത്തി. വാറ്റ്, എക്സൈസ് നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട എട്ട് സംശയാസ്പദമായ കേസുകളും കണ്ടെത്തി. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. നികുതി വെട്ടിപ്പ് കുറ്റങ്ങൾക്ക് കഠിനമായ പിഴകൾക്ക് പുറമെ, അഞ്ചു വർഷം വരെ തടവും, അല്ലെങ്കിൽ അടയ്ക്കേണ്ട വാറ്റ് തുകയുടെ മൂന്നിരട്ടി വരെ പിഴയും, അല്ലെങ്കിൽ വെട്ടിപ്പ് നടത്തിയ എക്സൈസ് തീരുവയുടെ ഇരട്ടി വരെ പിഴയോടൊപ്പം ഒരു വർഷം തടവും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾക്ക് വിധേയമാകേണ്ടിവരുമെന്ന് ബ്യൂറോ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാനോ അല്ലെങ്കിൽ ദേശീയ പരാതി നിർദേശ സംവിധാനം (തവാസുൽ) വഴി അറിയിക്കാനോ എൻ.ബി.ആർ പൊതുജനങ്ങളോടും ബിസിനസുകളോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

