വാദ്യസംഗമം2022 ഇന്ന് ആരംഭിക്കും
text_fieldsമട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ, കേളത്ത് അരവിന്ദാക്ഷ മാരാർ, വെളിതുരുത്തി ഉണ്ണി നായർ
മനാമ: സോപാനം വാദ്യകലാസംഘവും കോൺവെക്സ് കോർപറേറ്റ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന വാദ്യസംഗമം2022 വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ അരങ്ങേറും. സിനിമ താരം സുരേഷ് ഗോപി, കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമ താരം ഉണ്ണി മുകുന്ദൻ, സോപാന ഗായകൻ അമ്പലപ്പുഴ വിജയകുമാർ, ഗായകൻ വിവേകാനന്ദൻ, കീബോർഡ് ആർട്ടിസ്റ്റ് പ്രകാശ് ഉള്യേരി, കാഞ്ഞിലശേരി പത്മനാഭൻ, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് ആറിന് കേളികൊട്ടോടെ വാദ്യസംഗമത്തിന് തുടക്കമാവും. വാദ്യസംഗമം2022 സിനിമ താരം ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്യും. വാദ്യകലയിൽ 60 വർഷം പൂർത്തീകരിക്കുന്ന പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ സോപാനം വാദ്യകലാസംഘത്തിന്റെ പരമോന്നത പുരസ്കാരമായ 'വാദ്യകൈരളി രത്നം' നൽകി ആദരിക്കും. മൂന്നുവർഷത്തെ 'സോപാനം തൗര്യത്രികം പുരസ്കാര'വും പ്രഖ്യാപിച്ചു.
2019ലെ പുരസ്കാരം കേളത്ത് അരവിന്ദാക്ഷ മാരാർക്കും 2020ലെ പുരസ്കാരം വെളിതുരുത്തി ഉണ്ണിനായർക്കും 2021ലെ പുരസ്കാരം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർക്കും സമർപ്പിക്കൂം. ഗുരുദക്ഷിണയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. പ്രവാസി ഭാരതീയ പുരസ്കാര ജേതാവും സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖനുമായ കെ.ജി. ബാബുരാജനെ വാദ്യസംഗമവേദിയിൽ ആദരിക്കും. തുടർന്ന് എട്ട് കൗമാര പ്രതിഭകളുടെ തായമ്പക അരങ്ങേറ്റവും തുടർന്ന് മേജർ തായമ്പകയും അരങ്ങേറും.
വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ കേളിയും തുടർന്ന് പ്രവാസലോകത്ത് ആദ്യമായി 10 സോപാനസംഗീത വിദ്യാർഥികളുടെ അരങ്ങേറ്റവും നടക്കും. സിനിമ താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, വിവേകാനന്ദൻ, പ്രകാശ് ഉള്ള്യേരി തുടങ്ങിയവർ അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത പരിപാടി അരങ്ങേറും. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കാഞ്ഞിലശേരി പത്മനാഭൻ എന്നിവരുടെ മേളപ്രമാണത്തിൽ 250ലധികം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളത്തിൽ 32 മേള കലാവിദ്യാർഥികൾ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

