വിദേശത്തെ ബഹ്റൈനികൾക്ക് വാക്സിൻ: ഉത്തരവ് സ്വാഗതം ചെയ്ത് മന്ത്രിസഭ
text_fieldsബഹ്റൈൻ മന്ത്രിസഭ യോഗം ഓൺലൈനിൽ ചേർന്നപ്പോൾ
മനാമ: വിദേശരാജ്യങ്ങളിൽ കഴിയുന്ന ബഹ്റൈനികൾക്ക് എത്രയുംവേഗം കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവിനെ മന്ത്രിസഭായോഗം സ്വാഗതം ചെയ്തു. വിദേശകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവ പരസ്പരം സഹകരിച്ച് വിദേശരാജ്യങ്ങളിലുള്ള പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ബഹ്റൈനികൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ കാബിനറ്റ് നിർദേശം നൽകി.
രാജ്യത്തും രാജ്യത്തിനു പുറത്തും അധിവസിക്കുന്ന ബഹ്റൈനികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമം മാതൃകാപരമാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തെ ജനങ്ങൾ ലോകത്ത് എവിടെയായിരുന്നാലും അവർക്ക് ഭരണാധികാരികൾ നൽകുന്ന കരുതലും സ്നേഹവും ഏറെ അഭിമാനകരമാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധസമിതിയുടെ പ്രവർത്തനങ്ങൾ കൃത്യമായ ദിശയിലാണെന്ന് യോഗം വിലയിരുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി വിശദീകരിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ദേശീയ കോവിഡ് പ്രതിരോധസമിതി എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയതിെൻറ ഗുണഫലം ലഭിച്ചതായി മന്ത്രിസഭ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ പിന്തുണ നൽകി.
പ്രതീക്ഷിത നിലവാരത്തിലേക്കെത്താൻ നടപടികൾ കർശനമാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് സമിതിയോട് ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു.
റഷ്യയുടെ സഹായത്തോടെ സ്പുട്നിക് വാക്സിൻ നിർമാണം ബഹ്റൈനിൽ ആരംഭിക്കാനുള്ള നീക്കം പ്രതീക്ഷ നൽകുന്നതാണ്. മേഖലയിലെ രാജ്യങ്ങൾക്കും ഇത് ആശ്വാസംപകരും. ഇത്തരമൊരു സഹകരണത്തിന് തയാറായ റഷ്യക്ക് കാബിനറ്റ് നന്ദി രേഖപ്പെടുത്തി.
2019-2022 സർക്കാർ പദ്ധതിപ്രകാരം ജല, വൈദ്യുതിമന്ത്രാലയത്തിെൻറ പദ്ധതികൾ 78 ശതമാനം നടപ്പിലാക്കിയതായി മന്ത്രി വ്യക്തമാക്കി. ഭാവിപദ്ധതികളെക്കുറിച്ച് രൂപരേഖ തയാറാക്കാനും സാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗതീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

