ബഹ്റൈനിൽ നിന്ന് ഉംറക്ക് പോകുന്നവർക്ക് ഇനി വാക്സിൻ നിർബന്ധം
text_fieldsമനാമ: ബഹ്റൈനിൽ നിന്ന് ഉംറക്കായി സൗദിയിലേക്ക് പോകുന്ന എല്ലാ രാജ്യക്കാരും ഇനി വാക്സിൻ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദേശം. ഉംറ ചെയ്യാനെത്തുന്നവർക്ക് മെനിഞ്ചൈറ്റിസ് (ഹെമോഫിലിക് മെനിഞ്ചൈറ്റിസ്) വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബഹ്റൈനിലുള്ളവർക്കും അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാരൻ സൗദിയിലിറങ്ങുന്നതിന്‍റെ പത്ത് ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കണമെന്നതാണ് നിർദേശം. നിയമം ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരും.
ഫെബ്രുവരി ഒന്നിന് തന്നെയെങ്കിലും വാക്സിൻ പൂർത്തിയാക്കിയവർ മാത്രമേ ഇനി ഉംറ ചെയ്യാൻ യോഗ്യരാവുള്ളൂ. മെനിഞ്ചൈറ്റിസ് പോളിസാക്‌ചറൈഡ് വാക്സിനെടുത്തവർക്ക് മൂന്ന് വർഷത്തേക്കും കോൺജുഗേറ്റ് വാക്സിനെടുത്തവർക്ക് അഞ്ച് വർഷത്തേക്കും സർട്ടിഫിക്കറ്റ് സാധുവായിരിക്കും. ഉംറ അല്ലെങ്കിൽ മക്ക, മദീന, തായിഫ്, ജിദ്ദ എന്നിവിടങ്ങൾ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒരു വയസ് തികഞ്ഞ എല്ലാ കുട്ടികൾക്കടക്കം നിയമം ബാധകമാണ്. കൂടാതെ ഓരോ രാജ്യത്തിനും പ്രത്യേകം നിർദേശിക്കപ്പെട്ട അനുഗുണമായ ഫ്ലൂ പ്രതിരോധ കുത്തിവെപ്പും എടുക്കണം. പല രാജ്യങ്ങൾക്കും അവരുടെ രാജ്യത്തെ പ്രാദേശികതലത്തിൽ പടരുന്ന രോഗങ്ങളെ നിർണയിച്ച പ്രകാരമാണ് വാക്സിൻ നിർദേശിച്ചത്.
എന്നാൽ ബഹ്റൈനിൽ താമസമാക്കിയ എല്ലാവർക്കും ബഹ്റൈന് നിർദേശിക്കപ്പെട്ട വാക്സിൻ എടുത്താൽ മതിയാകും. കുത്തിവെപ്പ് എടുത്തവർക്കെല്ലാം വാക്സിൻ അപ്ഡേഷനുകൾ രേഖപ്പെടുത്തുന്ന യെല്ലോ ബുക്കിൽ വിവരങ്ങൾ ചേർത്തി നൽകുന്നുണ്ട്. യെല്ലോ ബുക്കില്ലാത്തവർക്ക് പുതിയ ബുക്ക് അനുവദിക്കുകയോ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്യുന്നുണ്ട്. മുമ്പ് ഹജ്ജ് തീർഥാടകർക്ക് മാത്രമായിരുന്നു മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധം. പുതിയ നിർദേശ പ്രകാരം ഹജ്ജ്, ഉംറ തീർഥാടകർക്കും ഇത് നിർബന്ധമായി. ബഹ്‌റൈനിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ വാക്സിൻ സൗജന്യമായി ലഭ്യമാണ്. വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടർമാരുടെ നിർദേശവും ഉപദേശവും സ്വീകരിക്കുന്നത് ഉചിതമാവും. സൗദി ആരോഗ്യമന്ത്രാലയം വിമാനകമ്പനികൾക്കയച്ച സർക്കുലറുകളിലാണ് നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
സൗജന്യമായി ആർക്കെല്ലാം ലഭിക്കും
177 ദിനാറിന്‍റെ എൽ.എം.ആർ.എ വിസയുള്ള അതായത് ഗവൺമെന്‍റ് ഇൻഷുറൻസിന് യോഗ്യരായ എല്ലാവർക്കും നിലവിൽ രണ്ട് വാക്സിനുകളും സൗജന്യമായാണ് നൽകുന്നത്. മറ്റു വിസക്കാരും സ്വകാര്യ കമ്പനികളിൽ ഇൻഷുറൻസ് എടുത്തവരും ഇതിന് യോഗ്യരായിരിക്കില്ല. അവർ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് വാക്സിൻ സ്വീകരിക്കണം. 20 മുതൽ 30 ദിനാർ വരെ ഇതിനായി ചിലവായി കണക്കാക്കുന്നുണ്ട്. ഗവൺമെന്‍റ് ഇൻഷുറൻസിന് യോഗ്യരായവർ അവരവരുടെ തന്നെ ബ്ലോക്കുകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽനിന്നായിരിക്കണം വാക്സിൻ സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

