വിധവകൾക്കും വിവാഹമോചിതരായ അമ്മമാർക്കുമുള്ള യൂട്ടിലിറ്റി ബില്ലുകളിൽ ഇളവ്; നിർദേശം പാർലമെന്റിൽ ചൊവ്വാഴ്ച വോട്ടിനിടും
text_fieldsമനാമ: കുട്ടികളുടെ സംരക്ഷണച്ചുമതലയുള്ള വിവാഹബന്ധം വേർപെടുത്തിയവരും വിധവകളുമായ അമ്മമാർക്ക് വേനൽക്കാല യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, ജലം) ഒഴിവാക്കിക്കൊടുക്കാനുള്ള സുപ്രധാന ശുപാർശ ബഹ്റൈൻ പാർലമെന്റ് ചൊവ്വാഴ്ച വോട്ടിനിടും. വേനൽക്കാലത്ത് വർധിക്കുന്ന വൈദ്യുതി, ജല ബില്ലുകളിൽ നിന്ന് ദുർബല വിഭാഗങ്ങളായ ഈ അമ്മമാർക്ക് സാമ്പത്തികസംരക്ഷണം നൽകുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. ഓരോ വർഷവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അർഹരായ കുടുംബങ്ങൾക്ക് ബില്ലുകൾ പൂർണമായും ഒഴിവാക്കിക്കൊടുക്കുക എന്നതാണ് നിർദേശം മുന്നോട്ടുവെക്കുന്നത്. എം.പിമാരായ ലുൽവ അൽ റുമൈഹി, ഡോ. മുനീർ സൂരൂർ എന്നിവരാണ് ഈ ശുപാർശ സമർപ്പിച്ചത്.
ഒറ്റക്ക് കുട്ടികളെ വളർത്തുന്ന അമ്മമാർക്ക് വേനൽക്കാലത്തെ ഉയർന്ന എയർ കണ്ടീഷനിങ് ചെലവുകൾ താങ്ങാൻ പ്രയാസമുണ്ടെന്നും ഈ ഇളവ് അവർക്ക് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും പണം വിനിയോഗിക്കാൻ സഹായകമാകുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടുന്നു. ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഈ നിർദേശത്തിന് പിന്നിലെന്ന് അൽ റുമൈഹി എം.പി വ്യക്തമാക്കി. പാർലമെന്റിന്റെ പൊതു യൂട്ടിലിറ്റി, പരിസ്ഥിതികാര്യസമിതി ഈ നിർദേശത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നിർദേശത്തെക്കുറിച്ച് വൈദ്യുതി, ജലകാര്യ മന്ത്രാലയം ആശങ്കകൾ അറിയിച്ചു.
നിലവിൽ ബഹ്റൈനിലെ വൈദ്യുതി നിരക്ക് മേഖലയിൽതന്നെ ഏറ്റവും കുറവാണെന്നും, ബഹ്റൈനി കുടുംബങ്ങൾക്ക് ഉൽപാദനച്ചെലവിന്റെ 90 ശതമാനത്തോളം സബ്സിഡി നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇളവുകൾ കൂടുതൽ ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിക്കാൻ ഇത് വഴി തുറക്കുമെന്നും വരുമാനം കുറയുന്നത് ഭാവിയിലെ സേവനവികസനപദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി യാസർ ഹുമൈദാൻ മുന്നറിയിപ്പ് നൽകി. കുറഞ്ഞ വരുമാനക്കാർക്ക് നിലവിൽ പ്രതിമാസം 10 മുതൽ 20 വരെ ദീനാർ റോയൽ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എല്ലാവിധ സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട്, ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിലൂടെ ഈ നിർണായക ശിപാർശയിൽ പാർലമെന്റ് അന്തിമ തീരുമാനം എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

