ക്ലാസ് മുറികളിൽ എ.ഐ ഉപയോഗം; വിദ്യാർഥികളുടെ പഠന മികവിൽ വർധന
text_fieldsമനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടൂളുകൾ ക്ലാസ് മുറികളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അക്കാദമിക പ്രകടനത്തിൽ വലിയ മുന്നേറ്റം ലഭിക്കുമെന്ന് ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗവേഷണം പ്രകാരം സയൻസ്, ടെക്നോളജി, എൻജിനീയറിങ് പോലുള്ള പ്രഫഷനൽ വിഷയങ്ങൾ പഠിക്കുന്നവർ എ.ഐ പിന്തുണയുള്ള നിർദേശങ്ങളും ഉപകരണങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയപ്പോൾ പരമ്പരാഗതരീതിയിൽ പഠിച്ചവരെക്കാൾ 16 ശതമാനം വരെ കൂടുതൽ സ്കോറുകൾ ടെസ്റ്റുകളിൽ നേടി.
യു.എ.ഇ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ ഓഫ് ഫിസിക്സ് ആൻഡ് മെറ്റീരിയൽസ് സയൻസ്, ഡോ. അദ്ലാൻ യൂനിസ് ആണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. ബഹ്റൈൻ യൂനിവേഴ്സിറ്റിയിലെ ബിരുദതലത്തിലുള്ള നാല് വ്യത്യസ്ത ഇൻട്രൊഡക്റ്ററി ഫിസിക്സ് കോഴ്സുകളിൽ എ.ഐ അധിഷ്ഠിത ടൂളുകൾ വിദ്യാർഥികളുടെ പഠനഫലങ്ങൾ, ആശയപരമായ ഗ്രാഹ്യം, അക്കാദമിക പ്രകടനം എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠനം വിശകലനം ചെയ്തു.
ക്ലാസ് റൂം പഠനത്തിന് അനുബന്ധമായി എ.ഐ എങ്ങനെ ഉപയോഗിക്കാമെന്ന് പഠനം താരതമ്യം ചെയ്തു. മൂന്ന് അക്കാദമിക സെമസ്റ്ററുകളിലായി 320 ബിരുദ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ ഈ ഗവേഷണത്തിന്റെ ഫലങ്ങൾ, പിയർ-റിവ്യൂഡ് ജേണലായ ‘യൂറോപ്യൻ ജേണൽ ഓഫ് എജുക്കേഷൻ ആൻഡ് പെഡഗോഗി’യിലാണ് പ്രസിദ്ധീകരിച്ചത്.
വിദ്യാർഥികളുടെ പഠനത്തിന്റെ വിവിധ മേഖലകളിൽ പ്രകടമായ പുരോഗതി ഗവേഷണം ചൂണ്ടിക്കാട്ടുന്നു. എ.ഐയുടെ ഉപയോഗ സൗഹൃദ സ്വഭാവമാണ് മികച്ച പ്രകടനത്തിന് കാരണമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഈ ടൂളുകൾ തത്സമയ ആശയപരമായ ഫീഡ്ബാക്കും വ്യക്തിഗത പിന്തുണയും നൽകുന്നുണ്ട്. ഇത് വിദ്യാർഥികൾക്ക് തെറ്റിദ്ധാരണകൾ ഉടൻ പരിഹരിക്കാൻ സഹായകമായി.
പ്രയാസമേറിയ ചോദ്യങ്ങളെ സമീപിക്കുമ്പോൾ ഇപ്പോൾ പേടി കുറവാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. പുസ്തകത്തെക്കാൾ ആശയങ്ങൾ നന്നായി വിശദീകരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിച്ചെന്നും പഠനത്തെ കൂടുതൽ രസകരവും ഭയമില്ലാത്തതുമാക്കിയെന്നും അവർ അഭിപ്രായപ്പെട്ടു.
വെല്ലുവിളികളും സൂക്ഷിക്കണം
എന്നിരുന്നാലും ഗവേഷണം എ.ഐ ഉപയോഗിക്കുന്നതിലുള്ള ചില പോരായ്മകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരങ്ങൾക്കായി എ.ഐയെ അമിതമായി ആശ്രയിക്കുന്നത് അപകടമാണ്. തെറ്റായ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത ഇത്തരം ടൂളുകളിൽ അമിതവുമാണ്. എ.ഐ ഉപയോഗപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷി വളർത്തുന്നതിനും ഇടയിൽ അധ്യാപകർ ഒരു സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് പഠനം പറയുന്നു.
ശരിയായ മാർഗനിർദേശങ്ങളോടെയും അധ്യാപന രൂപകൽപനയോടെയും എ.ഐ നടപ്പാക്കിയാൽ പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് പഠനം നിഗമനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

