യു.എസ് ഗവൺമെന്റ് ഷട്ട്ഡൗൺ: എംബസിയുടെ സമൂഹ മാധ്യമ അപ്ഡേറ്റുകൾ നിർത്തിവെച്ചു
text_fieldsമനാമ: അമേരിക്കൻ കോൺഗ്രസിൽ ധനസഹായ ബില്ലുകൾ പാസാക്കുന്നതിലെ തടസ്സത്തെത്തുടർന്ന് യു.എസ് ഗവൺമെന്റ് ഷട്ട്ഡൗൺ ആരംഭിച്ച സാഹചര്യത്തിൽ, ബഹ്റൈനിലെ യു.എസ് എംബസി തങ്ങളുടെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ പതിവ് അപ്ഡേറ്റുകൾ താൽക്കാലികമായി നിർത്തിവെച്ചു. അടിയന്തര സുരക്ഷ വിവരങ്ങൾ ഒഴികെയുള്ള അപ്ഡേറ്റുകൾ പൂർണമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുവരെ ഈ അക്കൗണ്ടിൽ ലഭ്യമാകില്ലെന്നും എംബസി വ്യക്തമാക്കി. എങ്കിലും, ഷട്ട്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലും യു.എസിലും വിദേശത്തുമുള്ള എംബസികളിലെ പാസ്പോർട്ട്, വിസ സേവനങ്ങൾ തുടർന്നും നൽകുമെന്ന് എംബസി കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള യു.എസ് എംബസികൾ സമാനമായ സന്ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സൈനികർ, അതിർത്തി രക്ഷാസേനാംഗങ്ങൾ, മറ്റ് ‘അവശ്യ സേവനങ്ങൾ’ ചെയ്യുന്ന ജോലിക്കാർ എന്നിവർ ജോലിയിൽ തുടരും. എന്നാൽ, കോൺഗ്രസ് ഈ പ്രതിസന്ധി പരിഹരിക്കുന്നതു വരെ ഇവർക്ക് ശമ്പളം ലഭിക്കില്ല.
ഏകദേശം ഏഴ് ട്രില്യൺ ഡോളർ വരുന്ന യു.എസ് സർക്കാറിന്റെ മൊത്തം ബജറ്റിൽ, ഏജൻസികളുടെ പ്രവർത്തനങ്ങൾക്കായി ആവശ്യമായ 1.7 ട്രില്യൺ ഡോളർ ഫണ്ടിനെ ചൊല്ലിയാണ് നിലവിൽ തർക്കം. ശേഷിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗം ആരോഗ്യ-പെൻഷൻ പരിപാടികൾക്കും വർധിച്ചുവരുന്ന 37.5 ട്രില്യൺ ഡോളർ കടത്തിന്റെ പലിശ അടക്കുന്നതിനുമായിട്ടാണ് വിനിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

