സുരക്ഷാ മുന്നറിയിപ്പ്: ബഹ്റൈനിലെ യു.എസ് എംബസി ഇന്ന് തുറന്നത് നേരം വൈകി
text_fieldsമനാമ: ബഹ്‌റൈനിൽ ഇന്ന് രാവിലെയുണ്ടായ ആക്രമണത്തെ തുടർന്ന്, സുരക്ഷ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരം വൈകി തുറന്ന് യു.എസ് എംബസി. രാവിലെ പത്ത് മണി വരെ ഓഫീസ് തുറന്നിരുന്നില്ല. പിന്നീട് എല്ലാം ശാന്തമായതിനെ തുടർന്നാണ് എംബസി പ്രവർത്തനം ആരംഭിച്ചത്. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈനിലുള്ള എല്ലാ അമേരിക്കൻ പൗരന്മാർക്കും എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സൈറൺ കേൾക്കുകയോ സ്ഫോടന ശബ്ദങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കാൻ എംബസി നിർദ്ദേശിച്ചു. കെട്ടിടത്തിനുള്ളിലാണെങ്കിൽ കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ, ജനലുകളും പുറം ഭിത്തികളും കുറവുള്ള മുറിയിലേക്ക് മാറി ഇരിക്കാനും വാതിലുകൾ അടച്ചിട്ട് ജനലുകളിൽ നിന്ന് അകലം പാലിക്കാനും നിർദ്ദേശമുണ്ട്. പുറത്താണെങ്കിൽ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറിത്താമസിക്കണമെന്നും, അതിന് സാധിക്കാത്ത സാഹചര്യത്തിൽ തറയിൽ കിടന്ന് കൈകൾ കൊണ്ട് തല സംരക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മിസൈലുകളോ ഡ്രോണുകളോ തകർക്കപ്പെട്ടാലും അവയുടെ അവശിഷ്ടങ്ങൾ വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന് എംബസി ഓർമ്മിപ്പിച്ചു. അതിനാൽ ഇത്തരം അവശിഷ്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കണം. ജനക്കൂട്ടമുള്ള സ്ഥലങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതലായുള്ള മേഖലകൾ എന്നിവ ഒഴിവാക്കാനും ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ നിരീക്ഷിച്ച് പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും എംബസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

