ബഹ്റൈനിലുള്ള യു.എസ് പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവ്
text_fieldsമനാമ: മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷ ഭീഷണികളെത്തുടർന്ന് ബഹ്റൈനിലെ അടിയന്തര വിഭാഗത്തിലില്ലാത്ത ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റ് ഉത്തരവിട്ടു. മാർച്ച് 2ന് പുറത്തിറക്കിയ പുതുക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഈ നിർദേശമുള്ളത്. ഫെബ്രുവരി 28ന് അമേരിക്കയും ഇറാനും തമ്മിൽ ആരംഭിച്ച സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഈ മുൻകരുതൽ നടപടി.
മനാമയിലെ യു.എസ് എംബസിയുടെ പ്രവർത്തനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരെയും ആശ്രിതരെയും തിരിച്ചുവിളിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ പൗരന്മാർ ബഹ്റൈനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും ഡിപാർട്മെന്റ് ആവശ്യപ്പെട്ടു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണ സാധ്യതകൾ നിലനിൽക്കുന്നതായും ഇത് സിവിൽ വിമാനങ്ങളുടെ സർവിസിനെ ബാധിക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു. മേഖലയിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക വാർത്ത ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും യാത്രകൾക്ക് മുമ്പ് നിയന്ത്രണങ്ങൾ പരിശോധിക്കാനും യു.എസ് അധികൃതർ നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

