സമുദ്രത്തിനടിയിലെ കേബിൾ ശൃംഖലകൾ; സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
text_fieldsമനാമ: ബഹ്‌റൈനെ ബന്ധിപ്പിക്കുന്ന ഹുർമുസ് കടലിടുക്ക് വഴി പോകുന്ന സമുദ്രത്തിനടിയിലെ കേബിൾ ശൃംഖലകൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷനൽ ആൻഡ് എനർജി സ്റ്റഡീസ് ആവശ്യപ്പെട്ടു.
ലോകത്തെ അഞ്ചിലൊന്ന് ഡാറ്റാ കൈമാറ്റവും നടക്കുന്നത് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വഴിയാണ്. ഈ മേഖലയിലെ വാർത്താവിനിമയ കേബിളുകൾ തകർക്കുമെന്ന് ഇറാൻ പലതവണ സൂചന നൽകിയിട്ടുണ്ട്. കേവലം 33 കിലോമീറ്റർ മാത്രം വീതിയുള്ള ഈ പ്രദേശം തടസ്സപ്പെട്ടാൽ മിഡിൽ ഈസ്റ്റ് മുതൽ യൂറോപ്പ് വരെയുള്ള ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമാകും.
പ്രതിദിനം ട്രില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾ, ടെലിമെഡിസിൻ, സൈനിക കമാൻഡ് സംവിധാനങ്ങൾ എന്നിവ ഈ കേബിളുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു ചെറിയ തടസ്സം പോലും ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരിത്തുന്നത്. നിലവിൽ അഞ്ച് കേബിൾ സംവിധാനങ്ങളാണ് ബഹ്‌റൈനെ ലോകവുമായി ബന്ധിപ്പിക്കുന്നത്. 2027ഓടെ രണ്ട് പുതിയ പദ്ധതികൾ കൂടി പൂർത്തിയാകാനിരിക്കെയാണ് ഈ സുരക്ഷാ ഭീഷണി ഉയരുന്നത്.
ഹുർമുസ് കടലിടുക്കിനെ ഒഴിവാക്കിക്കൊണ്ട് പുതിയ കേബിൾ പാതകൾ നിർമിക്കാനാണ് ബന്ധപ്പെട്ട അധികൃതർ മുന്നോട്ട് വെക്കുന്ന നിർദേശം. നേരത്തെ ചെങ്കടലിലുണ്ടായ കേബിൾ തകരാറുകൾ പരിഹരിക്കാൻ അഞ്ച് മുതൽ ആറ് മാസം വരെ സമയമെടുത്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ തകർച്ച നേരിടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

