വിദേശ രാജ്യങ്ങളിൽ യു.പി.എസ്.സി, പി.എസ്.സി പരീക്ഷ കേന്ദ്രങ്ങൾ തുറക്കണം; മുഹറഖ് മലയാളി സമാജം
text_fieldsമുഹറഖ് മലയാളി സമാജം ഭാരവാഹികൾ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം കൈമാറുന്നു
മനാമ: ഹ്രസ്വ സന്ദർശനത്തിനു ബഹ്റൈനിലെത്തിയ ഡീൻ കുര്യാക്കോസ് എം.പിയെ മുഹറഖ് മലയാളി സമാജം ഭാരവാഹികൾ സന്ദർശിച്ചു. പാർലമെന്റിൽ ഉന്നയിക്കുന്നതിനായി വിവിധ പ്രശ്നങ്ങൾ അടങ്ങിയ അഭ്യർഥന എം.പിക്ക് നിവേദനമായി സമർപ്പിച്ചു. അഭ്യസ്തവിദ്യരായ നിരവധി യുവാക്കളാണ് പ്രാരബ്ധം മൂലം വിദേശരാജ്യങ്ങളിലേക്ക് ജോലിക്കുവേണ്ടി വരുന്നത്.
അതുമൂലം നാട്ടിലെ കേന്ദ്ര സംസ്ഥാന സർക്കാർ ജോലികളിലേക്കുള്ള മത്സരപരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നു. പരീക്ഷ എഴുതാൻ മാത്രം നാട്ടിൽ പോകുക എന്നത് സാധ്യമായ കാര്യവും അല്ല. അതു കൊണ്ടുതന്നെ പ്രവാസ ലോകത്ത് എംബസികൾ കേന്ദ്രീകരിച്ചോ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചോ യു.പി.എസ്.സി, പി.എസ്.സി പരീക്ഷകൾ എഴുതാനുള്ള അവസരങ്ങൾ ഒരുക്കാനും, നാട്ടിൽ സ്വന്തം വസ്തുക്കൾ വിൽക്കുന്ന പ്രവാസികളിൽനിന്ന് ഈടാക്കുന്ന കൂടുതൽ നികുതി പ്രവാസികളോട് ഈ കാണിക്കുന്നത് അനീതിയാണെന്നും ഇതിനുള്ള പരിഹാരത്തിനായി ഇടപെടൽ ഉണ്ടാകണമെന്നും നിവേദനത്തിൽ അറിയിച്ചു.
കൂടാതെ, ഹയർസെക്കൻഡറി കഴിഞ്ഞാൽ ഡിഗ്രി പഠനം നടത്താൻ ഉള്ള സൗകര്യം വിദേശ രാജ്യങ്ങളിൽ ഒരുക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. നിരവധി ഇന്ത്യൻ വിദ്യാലയങ്ങൾ സി.ബി.എസ്.ഇ സിലബസ് അനുസരിച്ചു പഠിപ്പിക്കുന്നുണ്ട്.
അവിടങ്ങളിൽതന്നെ ഇന്ത്യൻ സർവകലാശാലകളുടെ സബ് സെന്ററുകൾ അനുവദിക്കാൻ ഉള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. കാലങ്ങളായുള്ള ആവശ്യമാണിതെന്നും എം.പിയുടെ ശ്രദ്ധയിൽപെടുത്തി. വിമാന ടിക്കറ്റ് വർധന അടക്കം നിവേദനത്തിൽ സൂചിപ്പിച്ച വിഷയങ്ങളിൽ കാര്യമായ ഇടപെടൽ ഉണ്ടാകണമെന്നും മലയാളി സമാജം ഭാരവാഹികൾ ആവശ്യപ്പെട്ടു. വളരെ കാതലായ വിഷയങ്ങളാണിതെന്നും ഇതിൽ തന്റെ ഭാഗത്തുനിന്നുള്ള എല്ലാ ഇടപെടലും ഉണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് എം.പി ഉറപ്പു നൽകി.
പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, മറ്റു ഭാരവഹികളായ അബ്ദുൽ മൻഷീർ, പ്രമോദ് കുമാർ വടകര, മുഹമ്മദ് ഷാഫി, ഫിറോസ് വെളിയങ്കോട്, മണികണ്ഠൻ ചന്ദ്രോത്ത് എന്നിവരും എം.പിയെ സന്ദർശിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

