രാഗ മഴയുമായി ഉപ്പലപ്പു രാജേഷ് ഇന്ന് കേരളീയ സമാജത്തിൽ
text_fieldsഉപ്പലപ്പു രാജേഷ്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്ന് വൈകീട്ട് നടക്കുന്ന സംഗീത സായാഹ്നത്തിൽ ഉപ്പലപ്പു രാജേഷിന്റെ രാഗ മഴ പെയ്തൊഴിയും. കർണാടക സംഗീതത്തിലെ ഒരു പ്രമുഖ മാൻഡോലിൻ വാദകനായ യു. രാജേഷ് ഒരുക്കുന്ന മധുര മനോഹരരാവിന് സാക്ഷിയാകാനൊരുങ്ങുകയാണ് ബഹ്റൈൻ. കേരളീയ സമാജത്തിൽ നടക്കുന്ന ഇന്തോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യു. രാജേഷ് പവിഴദ്വീപിലെത്തുന്നത്. സംഗീതസംവിധായകനും നിർമാതാവുമായ അദ്ദേഹം അന്തരിച്ച മാൻഡോലിൻ ഇതിഹാസം യു. ശ്രീനിവാസിന്റെ സഹോദരനാണ്.
കർണാടക സംഗീതജ്ഞൻ സന്ദീപ് നാരായൺ ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്നലെ നടത്തിയ പരിപാടിക്കിടെ - സത്യൻ പേരാമ്പ്ര
50 രാജ്യങ്ങളിൽ തന്റെ സംഗീത വിരുന്നൊരുക്കിയ രാജേഷ് പ്രമുഖ സംഗീതജ്ഞരായ ഉസ്താദ് സാക്കിർ ഹുസൈൻ, ഉസ്താദ് സുൽത്താൻ ഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ശങ്കർ മഹാദേവൻ, ഹരിഹരൻ, ലൂയിസ് ബാങ്ക്സ്, രഞ്ജിത് ബറോട്ട്, മൈക്ക് മാർഷൽ, ശിവമണി, പീറ്റ് ലോക്കെറ്റ്, കർഷ് കാലെ, ഗ്രെഗ് എല്ലിസ്, ബിക്രം ഘോഷ് എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജോഹന്നാസ്ബർഗ് ഫിൽഹാർമോണിക് ഓർക്കസ്ട്ര, കെ.സെഡ്.എൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര എന്നിവരോടൊപ്പം ലൈവ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2009 ൽ ഗ്രാമി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീതജ്ഞരിൽ ഒരാളായ ഉപ്പലപ്പു രാജേഷിന്റെ കർണാടക സംഗീതത്തിലും ഫ്യൂഷൻ സംഗീതത്തിലും അലിഞ്ഞു ചേരാൻ ബഹ്റൈനിലെ പ്രവാസികൾക്ക് ഇന്ന് അവസരമൊരുങ്ങിയിരിക്കയാണ്. രാത്രി എട്ടിനാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

