അപകടസ്ഥലങ്ങളിലെ അനാവശ്യ കൂട്ടംകൂടൽ; രക്ഷാപ്രവർത്തനത്തിന് വില്ലനാകുന്നു
text_fieldsഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ
മനാമ: അപകടസ്ഥലങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾ അനാവശ്യമായി കൂട്ടംകൂടുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടന്നാലുടൻ സഹായത്തിനായല്ല, മറിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള കൗതുകം കൊണ്ടാണ് പലരും തടിച്ചുകൂടുന്നത്. ഇത്തരത്തിലുള്ള കാഴ്ചക്കാർ രക്ഷാപ്രവർത്തകർക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് സിവിൽ ഡിഫൻസ് യൂനിറ്റുകൾക്കും ആംബുലൻസുകൾക്കും സംഭവസ്ഥലത്തേക്ക് വേഗത്തിൽ എത്തുന്നതിന് തടസ്സമാകുന്നുണ്ട്. കൂടാതെ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകേണ്ട ഘട്ടത്തിൽ ആളുകൾ ചുറ്റും കൂടി നിൽക്കുന്നത് മെഡിക്കൽ സംഘത്തിന്‍റെ ജോലിയും പ്രയാസകരമാക്കുന്നു.
ജനക്കൂട്ടം ഉണ്ടാക്കുന്ന വലിയ ബഹളം കാരണം തകർന്ന കെട്ടിടങ്ങൾക്കിടയിലോ മറ്റോ കുടുങ്ങിക്കിടക്കുന്നവർ സഹായത്തിനായി വിളിക്കുന്നത് രക്ഷാപ്രവർത്തകർക്ക് കേൾക്കാൻ സാധിക്കാതെ വരുന്നു. തീപിടുത്തം നടന്ന സ്ഥലത്തോ കെട്ടിടങ്ങൾ തകർന്ന ഇടത്തോ നിൽക്കുന്നത് കാഴ്ചക്കാർക്കും വലിയ അപകടമുണ്ടാക്കാം. പുക ശ്വസിക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ വീഴാനുള്ള സാധ്യത എന്നിവ ഇവർ തിരിച്ചറിയുന്നില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അപകടസ്ഥലങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കുക, എമർജൻസി വാഹനങ്ങൾ കടന്നുപോകാൻ റോഡുകൾ തടസ്സപ്പെടുത്താതിരിക്കുക, രക്ഷാപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അവരുടെ ജോലി തടസ്സപ്പെടുത്താതിരിക്കുകയും ചെയ്യുക തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങളും കേണൽ ഒസാമ ബഹർ വ്യക്തമാക്കി. പൊതുജനങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ജീവൻ രക്ഷാപ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

