യൂനിറ്റി ബഹ്റൈൻ മലയാളം ക്ലാസ് വിദ്യാർഥികൾക്കായി പരിശീലന സെഷൻ സംഘടിപ്പിച്ചു
text_fieldsയൂനിറ്റി ബഹ്റൈൻ മലയാളം ക്ലാസ് വിദ്യാർഥികൾക്കായി പരിശീലന സെഷൻ സംഘടിപ്പിച്ചപ്പോൾ
മനാമ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി യൂനിറ്റി ബഹ്റൈൻ ( മലയാളം ക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന സെഷൻ സംഘടിപ്പിച്ചു. സെഷൻ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധൻ പ്രഫസർ ഡോ. സെന്തിൽകുമാർ നയിച്ചു. വിദ്യാർഥികൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും സർഗാത്മകമായി എഴുതാനും പ്രചോദനം നൽകുന്ന രീതിയിലായിരുന്നു ക്ലാസ് ക്രമീകരിച്ചത്.
വരാനിരിക്കുന്ന പരീക്ഷകൾക്ക് മുന്നോടിയായി കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും മാനസികമായി അവരെ സജ്ജരാക്കാനും ഈ പരിശീലനം ഏറെ സഹായകമായെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ യൂനിറ്റി പ്രസിഡന്റ് ശ്രീ. പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി രമ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. പരിശീലനം നയിച്ച ഡോ. സെന്തിൽകുമാറിനെ ആദരിച്ചു. ചാരിറ്റി കോഓഡിനേറ്റർ സുദീപ് രാഘവൻ, യൂനിറ്റി മാർഗദർശി അനിൽകുമാർ എന്നിവർ സംസാരിച്ചു. സൗമ്യ സെന്തിൽ നന്ദി പറഞ്ഞു.
യൂനിറ്റി എക്സിക്യുട്ടിവ് അംഗങ്ങളായ സനോജ്, ഗായത്രി പ്രശാന്ത്, വിനീഷ്, അനുഷ സുജിത് എന്നിവരും മലയാളം ക്ലാസ് അധ്യാപകരായ ഷീന അനിൽ, രതി ഹരിദാസ് എന്നിവരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് മുൻഗണന നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് യൂനിറ്റി എക്സിക്യുട്ടിവ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

