കടകളിലെ ബോർഡുകൾക്ക് ഏകീകൃത നിയമം വരുന്നു; നഗര സൗന്ദര്യവൽക്കരണത്തിന് പുതിയ പദ്ധതി
text_fieldsമനാമ: ബഹ്‌റൈനിലെ കച്ചവട ഏരിയകളുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിനായി കടകളിലെ സൈൻ ബോർഡുകൾക്ക് ഏകീകൃത നിയമങ്ങൾ കൊണ്ടുവരാൻ നീക്കം. ദക്ഷിണ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് ദരാജ് അവതരിപ്പിച്ച നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു. അളവിലും രൂപകല്പനയിലും നിറങ്ങളിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം നഗരപ്രദേശങ്ങളിൽ ഉണ്ടാകുന്ന അഭംഗികൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ബോർഡുകളുടെ വലുപ്പം, ഡിസൈൻ, നിറം, സ്ഥാനം എന്നിവയിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാനാണ് നിർദേശം. ബിസിനസുകളെ നിയന്ത്രിക്കുകയല്ല, മറിച്ച് വാണിജ്യ തെരുവുകളെ കൂടുതൽ ചിട്ടപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് മുഹമ്മദ് ദരാജ് വ്യക്തമാക്കി. നിലവിൽ ബോർഡുകൾക്ക് പ്രത്യേക നിയമങ്ങളില്ലാത്തത് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാകുന്നതോടെ വാണിജ്യ കേന്ദ്രങ്ങൾ കൂടുതൽ ആകർഷകമാവുകയും താമസക്കാർക്കും സന്ദർശകർക്കും എളുപ്പത്തിൽ വഴി കണ്ടെത്താനും സാധിക്കും. ഈ നിർദ്ദേശം ഇപ്പോൾ കൂടുതൽ പരിശോധനകൾക്കായി പാർലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

