മനാമ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ (യുനീബ്) കുടുംബസംഗമം നടത്തി. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾ പങ്കെടുത്തു. കോവിഡ് കാലത്തെ ജോലിഭാരവും മാനസിക സമ്മർദവും നഴ്സുമാർ പങ്കുവെച്ചു.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. 'യുനീബ്' പ്രസിഡന്റ് വിശാൽ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. സൽമാനിയ ഹോസ്പിറ്റൽ നഴ്സിങ് സൂപ്പർവൈസർ സിസ്റ്റർ അൽഫോൻസ നഴ്സസ് ദിന സന്ദേശം നൽകി. ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു.
നഴ്സിങ് മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച ഷീന ബാബു അബ്രഹാം, സ്മിത ബഹനാൻ, ജോസഫ് പള്ളിക്കുന്നേൽ, ജോസഫ് കുഴിവേലിൽ, റജീന ഭായി സുധാകർ, ജോർജ് ജോസഫ്, ആനി വർഗീസ്, മേരി ലൂക്കോസ്, യുഫ്രേഷ്യ ആഗ്നസ്, ആശ അബ്രഹാം, അനൂപ് ചാക്കോ, ജീവാ വിനോദ് കുമാർ, രമണി ജോൺ, മറിയാമ്മ ടോമി എന്നിവരെ ആദരിച്ചു. ആനി വർഗീസ് നന്ദി അറിയിച്ചു.
അഞ്ചു വർഷത്തെ 'യുനീബി'ന്റെ പ്രവർത്തന റിപ്പോർട്ട് ട്രഷറർ പ്രിൻസ് തോമസ് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് അനു ഷാജിത് സ്വാഗതവും രമ്യ ഗിരീഷ് നന്ദിയും പറഞ്ഞു. 'യുനീബ്' കുടുംബത്തിലെ കുരുന്നുകളുടെ കലാപരിപാടിയും അരങ്ങേറി.