പൊതുസ്ഥലത്ത് വൃത്തിഹീനമായ പ്രവൃത്തികൾ; പരിശോധനക്ക് പൊലീസിനെ ചുമതലപ്പെടുത്താൻ ആലോചന
text_fieldsമനാമ: പൊതുസ്ഥലത്ത് തുപ്പുന്നവർക്കും മൂത്രമൊഴിക്കുന്നവർക്കും എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ. പൊതു ശുചിത്വ നിയമങ്ങൾ നടപ്പാക്കാൻ രാജ്യത്താകെ പൊലീസിനെ വിന്യസിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുനിസിപ്പൽ കൗൺസിൽ നേതാക്കൾ രംഗത്തെത്തിയത്.
നിലവിൽ മുനിസിപ്പൽ ഇൻസ്പെക്ടർമാർ മാത്രം പരിശോധിച്ചുകൊണ്ടിരുന്ന സംവിധാനം ഫലപ്രദമല്ലെന്നാണ് അധികൃതർ പറയുന്നത്. പരിമിതമായ ജോലി സമയവും നിയമം നടപ്പാക്കുന്നതിലെ പാളിച്ചകളുമാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. നിയമം ലംഘിക്കുന്നവരിൽ ഭൂരിഭാഗവും അറബിയോ ഇംഗ്ലീഷോ അറിയാത്ത വിദേശികളാണ്. അവർക്ക് മുന്നറിയിപ്പ് ബോർഡുകളോ നിയമങ്ങളോ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷേ അതൊരു ഒഴികഴിവല്ലെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു. ഈ പ്രവൃത്തികൾ തെറ്റായ പ്രവണതയാണ്.
2019-ലെ പൊതു ശുചിത്വ നിയമമനുസരിച്ച് 50 മുതൽ 300 ദിനാർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെങ്കിലും, അത് കൃത്യമായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ ഇൻസ്പെക്ടർമാർ രാവിലെ 7 മുതൽ ഉച്ചക്ക് 2.15 വരെ മാത്രമാണ് ജോലി ചെയ്യുന്നത്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും അവരുടെ സേവനം ലഭ്യമാകുന്നില്ലെന്നും തറാദ ചൂണ്ടിക്കാട്ടി. ജനങ്ങൾ ഇത്തരം നിയമലംഘനം നടത്തുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അവർ അത് ആവർത്തിക്കും. പിഴയെക്കുറിച്ച് ഭയമില്ലാതെ ഇഷ്ടംപോലെ പെരുമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്താത്തത് നിയമം നടപ്പാക്കുന്നതിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിർദേശം മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന്റെ അവലോകനത്തിനായി സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

