തൊഴിലില്ലായ്മ ആനുകൂല്യപരാതികൾ
text_fieldsമനാമ: തൊഴിലില്ലായ്മ നഷ്ടപരിഹാരം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനും അവയിൽ തീരുമാനമെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി ആക്ടിങ് തൊഴിൽ മന്ത്രി യൂസഫ് ഖലഫ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഒരു തീരുമാനം അറിയുന്ന തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പരാതിക്കാർ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് പരാതി നൽകണം. പരാതി ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട സമിതി ഇതിൽ തീർപ്പ് കൽപ്പിക്കണം. ഈ സമയപരിധിക്കുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, പരാതി നിരസിച്ചതായി കണക്കാക്കും.
പരാതി നിരസിച്ചതായി അറിയിപ്പ് ലഭിച്ചാൽ (അല്ലെങ്കിൽ നിരസിച്ചതായി കണക്കാക്കിയാൽ) 30 ദിവസത്തിനുള്ളിൽ യോഗ്യതയുള്ള കോടതിയിൽ അപ്പീൽ നൽകാം. കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക സമിതി രൂപവത്കരിക്കും. ഇവരുടെ യോഗങ്ങളും ദൈനംദിന കാര്യങ്ങളും ആവശ്യമെങ്കിൽ റിമോട്ട് സിറ്റിങ്ങുകൾ ഉൾപ്പെടെ, കൈകാര്യം ചെയ്യുന്നതിനുള്ള ആഭ്യന്തര നിയമങ്ങൾ ഈ സമിതിക്ക് ഉണ്ടാകും.
പരാതികൾ സമർപ്പിക്കുമ്പോൾ പരാതിക്കാരൻ തന്റെ പൂർണമായ പേര്, വ്യക്തിഗത നമ്പർ, വിലാസം, ഫോൺ, ഇ-മെയിൽ എന്നിവ നൽകണം. കൂടാതെ, പരാതിയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വ്യക്തമാക്കണം. ആവശ്യമുള്ള രേഖകളും അപ്ലോഡ് ചെയ്യണം. പരാതി സമർപ്പിച്ച ഉടൻ തന്നെ അതിന്റെ രജിസ്ട്രേഷൻ സ്ഥിരീകരിച്ച് പരാതിക്കാരന് ഇ-മെയിൽ ലഭിക്കും. ആവശ്യമെങ്കിൽ, കുറഞ്ഞത് മൂന്ന് ദിവസത്തെ മുൻകൂർ അറിയിപ്പോടെ സമിതിക്ക് പരാതിക്കാരനെ വിചാരണക്കായി വിളിക്കാവുന്നതാണ്. ആവശ്യാനുസരണം സാക്ഷികളെയും കേൾക്കാം. തൊഴിൽ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുടെ അഭിപ്രായം തേടാനും ആവശ്യമായ രേഖകൾ അഭ്യർഥിക്കാനും സമിതിക്ക് അധികാരമുണ്ട്. കേസ് പരിശോധിച്ച് കാരണസഹിതം ഒരു തീരുമാനം എടുക്കുകയും അത് ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്യും.
മുമ്പ് നിലവിലുണ്ടായിരുന്ന കടലാസ് അധിഷ്ഠിത പരാതി നടപടികൾ ഒഴിവാക്കിക്കൊണ്ടാണ് തൊഴിലില്ലായ്മ സംബന്ധിച്ച പരാതികൾക്കായി ഈ ഒറ്റ ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുന്നത്. ഇത് റെക്കോർഡ് ചെയ്ത് സംരക്ഷിക്കാനും സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

