തൊഴിലില്ലായ്മ സഹായം; കഴിഞ്ഞമാസം വരെ ലഭിച്ചത് 11,452 പൗരന്മാർക്ക്
text_fieldsമനാമ: തൊഴിലില്ലാത്ത ബഹ്റൈനികൾക്ക് സഹായം നൽകുന്ന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. കഴിഞ്ഞമാസം വരെ ആകെ 11,452 പൗരന്മാർക്ക് തൊഴിലില്ലായ്മ സഹായം ലഭിച്ചെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ഖലഫ് അറിയിച്ചു. ഇതിൽ 3479 പേർ ഒരു വർഷത്തിൽ താഴെയായി ആനുകൂല്യം സ്വീകരിക്കുന്നവരാണ്. 6258 പേർക്ക് ഒന്നും അഞ്ചും വർഷങ്ങൾക്കിടയിലും 1715 പേർക്ക് അഞ്ച് വർഷത്തിലധികമായും സഹായം ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യതയനുസരിച്ചാണ് പ്രതിമാസ സഹായതുക വ്യത്യാസപ്പെടുന്നത്. ബിരുദധാരികളായ തൊഴിലില്ലാത്തവർക്ക് പ്രതിമാസം 200 ദിനാർ ലഭിക്കും. മറ്റുള്ളവർക്ക് പ്രതിമാസം 150 ദിനാർ ലഭിക്കും. പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് പ്രതിമാസം 1000 ദിനാർ വരെ അല്ലെങ്കിൽ അവരുടെ വേതനത്തിന്റെ 60 ശതമാനം, ഇവയിൽ ഏതാണോ കൂടുതൽ അത് ലഭിക്കും. പുതിയ ജോലി ലഭിച്ചാൽ ഈ പേയ്മെന്റുകൾ നിർത്തലാക്കും.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ, തൊഴിൽ നിയമനം, ഓരോ ഉദ്യോഗാർഥിക്കും ഈ വർഷാവസാനത്തിനുമുമ്പ് മൂന്ന് തൊഴിലവസരങ്ങൾ നൽകാനുള്ള റോയൽ നിർദേശത്തിന്റെ നടപ്പാക്കൽ എന്നിവ സംബന്ധിച്ച് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് എം.പി. ഖാലിദ് ബു അനക് സമർപ്പിച്ച പാർലമെന്ററി ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഈ കണക്കുകൾ പുറത്തുവിട്ടത്.
പുതിയ തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്യുന്നതിനാലും മറ്റുള്ളവർ യോഗ്യതയിൽനിന്ന് പുറത്തുപോകുന്നതിനാലും ഈ കണക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുമെന്ന് ഖലഫ് ഊന്നിപ്പറഞ്ഞു. തൊഴിലുടമകൾ അവരുടെ ഒഴിവുകൾ നാഷനൽ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുകയും ഉദ്യോഗാർഥികൾ അവരുടെ യോഗ്യതയുമായി പൊരുത്തപ്പെടുന്ന തസ്തികകളിലേക്ക് ഇലക്ട്രോണിക് ആയി അപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.
പൊരുത്തപ്പെടുന്ന ഒഴിവുകളിലേക്ക് പൗരന്മാർ അപേക്ഷിക്കുന്നില്ലെങ്കിൽ, സിസ്റ്റം അവരുടെ യോഗ്യതകൾക്ക് അനുയോജ്യമായ ജോലികളിലേക്ക് അവരെ നയിക്കും. തുടർച്ചയായി അപേക്ഷിക്കാത്തവർക്ക് മന്ത്രാലയത്തിൽ ഓറിയന്റേഷൻ ഇന്റർവ്യൂ നൽകും.
അഞ്ച് വർഷത്തിലധികം സഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ ജോലി വാഗ്ദാനങ്ങൾ നിരസിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം, രണ്ട് തൊഴിലവസരങ്ങൾ നിരസിച്ചാൽ അവർക്ക് ആനുകൂല്യങ്ങൾക്കുള്ള യോഗ്യത ഉടനടി നഷ്ടപ്പെടും. തൊഴിലന്വേഷകരുടെ യോഗ്യതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവരുടെ ഫയലുകൾ ക്ലോസ് ചെയ്യുമെന്ന വാദവും മന്ത്രി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

