ഇന്ത്യയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ പങ്കെടുത്ത് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി
text_fieldsഇന്ത്യയിൽ നടന്ന ലോക ഓഡിയോ-വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂസഫ് മുഹമ്മദ് അൽ ബിൻ ഖലീൽ
മനാമ: മേയ് ഒന്നുമുതൽ നാലുവരെ ഇന്ത്യയിൽ നടന്ന ലോക ഓഡിയോ-വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയുടെ (വേവ്സ്) ആദ്യ പതിപ്പിൽ പങ്കെടുത്ത് ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂസഫ് മുഹമ്മദ് അൽ ബിൻ ഖലീൽ. മാധ്യമം, വിനോദം, മറ്റു ക്രിയേറ്റീവ് വ്യവസായങ്ങൾ എന്നീ മേഖലകളിലെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള കലാകാരന്മാർ, നൂതന ആശയക്കാർ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഉച്ചകോടി. പരിപാടിയുടെ ഭാഗമായി നടന്ന ഗ്ലോബൽ മീഡിയ ഡയലോഗിലും അൽ ബിൻ ഖലീൽ പങ്കെടുത്തു.
77 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഈ സംവാദത്തിൽ പങ്കെടുത്തിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ രാജ്യം മാധ്യമമേഖലക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അൽ ബിൻ ഖലീൽ സംവാദത്തിൽ സംസാരിക്കവെ പറഞ്ഞു. മാധ്യമരംഗത്തെയും സാങ്കേതികവിദ്യയിലെയും പുരോഗതി ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കാനും അതിനുള്ള പിന്തുണ നൽകുന്നതിനുമുള്ള ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പ്രതിബന്ധതയും അദ്ദേഹം സൂചിപ്പിച്ചു. മാധ്യമ സഹകരണം ശക്തിപ്പെടുത്താനും സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന അനുഭവങ്ങൾ പങ്കുവെക്കാൻ ഈ ഉച്ചകോടി ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേവ്സ് ഉച്ചകോടി ആഗോള മാധ്യമ, വിനോദ മേഖലകളിലെ സംയോജനത്തിനുള്ള ഒരു കേന്ദ്ര വേദിയായാണ് കണക്കാക്കുന്നത്. 10000ത്തിലധികം പേർ പരിപാടിയിൽ പങ്കാളികളായിട്ടുണ്ട്. കൂടാതെ 650 കമ്പനികൾ, 1000 ക്രിയേറ്റീവ് പ്രഫഷനലുകൾ എന്നിവരും പങ്കെടുത്തു. സിനിമ, ടെലിവിഷൻ, റേഡിയോ, പ്രിന്റ് മീഡിയ, ബ്രോഡ്കാസ്റ്റിങ്, വാർത്ത, ന്യൂ മീഡിയ, പരസ്യം, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിങ്, ഇ-സ്പോർട്സ്, വെർച്വൽ, എക്സ്റ്റെൻഡഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ, സംഗീതം എന്നിവയുൾപ്പെടെയുള്ള ആഗോള മാധ്യമ, വിനോദ വ്യവസായത്തിലാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

