യു.എൻ മനുഷ്യാവകാശ കൗൺസിൽ; ബഹ്റൈന്റെ നേട്ടങ്ങൾ വിവരിച്ച് വിദേശകാര്യ മന്ത്രി
text_fieldsയു.എൻ മനുഷ്യാവകാശ കൗൺസിലിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സംസാരിക്കുന്നു
മനാമ: ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ ബഹ്റൈന്റെ മനുഷ്യാവകാശ മുന്നേറ്റങ്ങൾ വ്യക്തമാക്കി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സംസാരിച്ചു. വീഡിയോ കോൺഫറൻസ് വഴി സെഷനിൽ പങ്കെടുത്ത അദ്ദേഹം, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ വിവരിച്ചു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, മനുഷ്യാവകാശ ഹൈക്കമീഷണർ വോൾക്കർ ടർക്ക് എന്നിവരും സെഷനിൽ പങ്കെടുത്തു. ബഹ്റൈനിലെ പകര ശിക്ഷാനിയമം, ഓപ്പൺ പ്രിസൺ പ്രോഗ്രാം എന്നിവ കുറ്റവാളികളെ പുനരധിവസിപ്പിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സഹായിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ര-പ്രസിദ്ധീകരണ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ വഴി മാധ്യമപ്രവർത്തകർക്ക് ജയിൽ ശിക്ഷ ഒഴിവാക്കിയതും ഡിജിറ്റൽ മീഡിയക്ക് നിയമപരിരക്ഷ നൽകിയതും വലിയ പുരോഗതിയാണ്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഏറ്റവും കൂടുതൽ സാന്ദ്രതയിലുള്ള രാജ്യമെന്ന നിലയിൽ ബഹ്റൈൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത് വിശ്വാസ സ്വാതന്ത്ര്യത്തോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതക്ക് തെളിവാണ്.
ജനുവരി 28 അന്താരാഷ്ട്ര സമാധാന സഹവർത്തിത്വ ദിനമായി ആചരിക്കാനുള്ള ബഹ്റൈന്റെ നിർദേശം യു.എൻ അംഗീകരിച്ചത് ആഗോളതലത്തിൽ രാജ്യത്തിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്. തുടർച്ചയായ എട്ടാം വർഷവും മനുഷ്യക്കടത്ത് തടയുന്നതിൽ ‘ടയർ 1’ റാങ്കിങ് നിലനിർത്താൻ ബഹ്റൈന് കഴിഞ്ഞുവെന്നതും അഭിമാനമാണ്.
2026-2027 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ താൽക്കാലിക അംഗമായി ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടത് ആഗോള വെല്ലുവിളികൾ നേരിടുന്നതിൽ രാജ്യത്തിനുള്ള പങ്കിനെ സൂചിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ബഹ്റൈന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഗസ്സയിലെ സമാധാന പദ്ധതികൾ നടപ്പിലാക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക, സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നിവക്കായിരിക്കും രക്ഷാസമിതിയിലെ അംഗത്വ കാലയളവിൽ ബഹ്റൈൻ മുൻഗണന നൽകുകയെന്നും ഡോ. അൽ സയാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

