ഉമ്മൻ ചാണ്ടിയുടെ വികസന സ്വപ്നം യാഥാർഥ്യമായി -ഒ.ഐ.സി.സി
text_fieldsമനാമ: ഉമ്മൻ ചാണ്ടിയുടെ സ്വപ്നപദ്ധതിയായിരുന്നു വിഴിഞ്ഞമെന്നും അത് യാഥാർഥ്യമാക്കാൻവേണ്ടി സി.പി.എം നേതാക്കളിൽനിന്നും എൽ.ഡി.എഫിൽനിന്നും നിരവധി വേട്ടയാടലുകൾക്ക് ഇരയായ വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വാർത്ക്കുറിപ്പിൽ പറഞ്ഞു.
കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, നിരവധി പാലങ്ങളും റോഡുകളും അടക്കം ഉമ്മൻ ചാണ്ടി സർക്കാറിന്റെ സംഭാവനയാണ്. അതിവേഗം, ബഹുദൂരം എന്ന മുദ്രാവാക്യം ആയിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ലോകോത്തര നിലവാരമുള്ള പദ്ധതികൾ നമ്മുടെ നാട്ടിലും വരണം, അതിന് ആക്ഷേപം കേട്ടാലും അടുത്ത തലമുറക്ക് അത് നേട്ടമാകും എന്നും ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. അദ്ദേഹത്തിന്റെ ഗവൺമെന്റിന് തുടർ ഭരണം ലഭിച്ചിരുന്നു എങ്കിൽ കേരളത്തിലെ വികസന മുരടിപ്പ് മാറുമായിരുന്നു എന്നും ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

