Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത്യാധുനിക യാത്രാ സൗകര്യം: വി.ഐ.പി ടാക്സികളുമായി ‘ഊബർ ബ്ലാക്ക്’ ബഹ്‌റൈനിൽ ട്രയൽ റൺ ആരംഭിച്ചു

text_fields
bookmark_border
  • ഗതാഗത മന്ത്രാലയവും ഊബറും സഹകരണത്തോടെയാണ് ഈ സേവനം നടപ്പിലാക്കുന്നത്
  • ആഡംബരവും പ്രൊഫഷണലിസവും മുൻനിർത്തിയുള്ള ഒരു പ്രീമിയം യാത്രാ അനുഭവമാണ് ഊബർ ബ്ലാക്ക് വാഗ്ദാനം ചെയ്യുന്നത്
അത്യാധുനിക യാത്രാ സൗകര്യം: വി.ഐ.പി ടാക്സികളുമായി ‘ഊബർ ബ്ലാക്ക്’ ബഹ്‌റൈനിൽ ട്രയൽ റൺ ആരംഭിച്ചു
cancel

മനാമ: ബഹ്‌റൈനിലെ ഗതാഗത മേഖലയെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി, ജനങ്ങൾക്ക് മികച്ച യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 'ഊബർ ബ്ലാക്ക്' ട്രയൽ റൺ സേവനം ആരംഭിച്ചതായി ഗതാഗത, ടെലികോം മന്ത്രാലയം അറിയിച്ചു. മന്ത്രാലയവും ഊബറും തമ്മിലുള്ള സഹകരണത്തോടെയാണ് ഈ സേവനം നടപ്പിലാക്കുന്നത്.

ഗതാഗത, ടെലികോം മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഗതാഗത മാർഗ്ഗങ്ങൾ ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. തുടക്കത്തിൽ പരിമിതമായ സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന ഈ സേവനം ലൈസൻസുള്ള കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

ആഡംബരവും പ്രൊഫഷണലിസവും മുൻനിർത്തിയുള്ള ഒരു പ്രീമിയം യാത്രാ അനുഭവമാണ് ഊബർ ബ്ലാക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി പ്രത്യേകമായി ലൈസൻസ് നേടിയ കമ്പനികളുടെ അത്യാധുനിക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ വാഹനങ്ങളും മന്ത്രാലയത്തിന്റെ കർശനമായ നിരീക്ഷണത്തിലായിരിക്കും പ്രവർത്തിക്കുക. സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിനായി അംഗീകൃത അധികാരികളുടെ സാങ്കേതിക പരിശോധനകൾക്ക് ഈ വാഹനങ്ങൾ വിധേയമാക്കും. ഊബർ ആപ്ലിക്കേഷൻ വഴി സേവനം ലഭ്യമാകുന്ന സ്ഥലങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് കാണാൻ സാധിക്കുമെന്നത് ഈ പദ്ധതിയുടെ സുതാര്യത വർധിപ്പിക്കുന്നു.

ഈ സംരംഭം ബഹ്‌റൈനിലെ ഗതാഗത മേഖലയിൽ സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുമെന്നും ഫാത്തിമ അബ്ദുല്ല അൽ ദഈൻ കൂട്ടിച്ചേർത്തു. ബഹ്‌റൈൻ ഗതാഗത മന്ത്രാലയവുമായുള്ള ഈ പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്നും, ഉപയോക്താക്കൾക്ക് കൂടുതൽ വിപുലമായ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഊബർ ബഹ്‌റൈൻ ജനറൽ മാനേജർ യൂസഫ് അബു സൈഫ് പറഞ്ഞു.

എന്താണ് ‘ഊബർ ബ്ലാക്ക്’

ബഹ്‌റൈനിൽ പുതുതായി അവതരിപ്പിച്ച ‘ഊബർ ബ്ലാക്ക്’ സേവനം ഉയർന്ന നിലവാരമുള്ള യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. കറുത്ത നിറത്തിലുള്ള ആഡംബര വാഹനങ്ങളിൽ, പ്രൊഫഷണൽ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനത്തോടെയുള്ള ഈ യാത്ര, ബിസിനസ്സ് മീറ്റിംഗുകൾക്കും പ്രത്യേക ചടങ്ങുകൾക്കും വിമാനത്താവള യാത്രകൾക്കും അനുയോജ്യമായ ഒരു വി.ഐ.പി യാത്രാമാർഗ്ഗമാണ്.

വാഹനത്തിലെ താപനില ക്രമീകരിക്കാനും, ഡ്രൈവറുമായി സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുമുള്ള ‘ക്വയറ്റ് മോഡ്’ പോലുള്ള പ്രത്യേക സൗകര്യങ്ങൾ ഈ ആപ്പിലൂടെ യാത്രക്കാർക്ക് മുൻകൂട്ടി തിരഞ്ഞെടുക്കാൻ സാധിക്കും. ഉയർന്ന നിലവാരവും സുഖസൗകര്യങ്ങളും മുൻനിർത്തി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രീമിയം സേവനം, സാധാരണ ടാക്സി യാത്രകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആഡംബരം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അതുപോലെ തന്നെ സർവീസ് ചാർജിലും മറ്റുള്ള ടാക്സികളിൽ നിന്ന് വ്യത്യാസമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ultra-modern travel convenience: 'Uber Black' starts trial run in Bahrain with VIP taxis
Next Story