വ്യത്യസ്ത ബൈക്ക് അപകടങ്ങൾ: ബഹ്റൈനിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു
text_fieldsമനാമ: ബഹ്റൈനിലെ സാർ, ജനാബിയ എന്നീ പ്രദേശങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് സ്വദേശി യുവാക്കൾ മരിച്ചു. ഇസ്ലാം അൽ ദെറാസി (26), അഹമ്മദ് അൽ മർഖി (29) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാർ പ്രദേശത്ത് കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം. 26 വയസ്സുള്ള ബഹ്റൈനി യുവാവായ ഇസ്ലാം അൽ ദെറാസിയാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാൾ മരണപ്പെട്ടു. ആഭ്യന്തര മന്ത്രാലയം ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അപകടവിവരം സ്ഥിരീകരിക്കുകയും, അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മറ്റൊരു അപകടം നടന്നത് ജനാബിയ റോഡിലാണ്. 29 വയസ്സുള്ള അഹമ്മദ് അൽ മർഖി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തിലും നിയമനടപടികളും അന്വേഷണവും പുരോഗമിക്കുകയാണെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുന്നതിനുമായി ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പിന്തുടരണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

