തുളസി ടീച്ചർക്ക് മന്ത്രി പദവി: ബഹ്റൈനിലും ആഹ്ലാദം
text_fieldsപ്രഫ.കെ.എ. തുളസി
ടീച്ചർക്കൊപ്പം സൽമാനുൽ ഫാരിസ് നാട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ
മനാമ: കേരളത്തിലെ വി.ഡി.സതീശൻ മന്ത്രി സഭയിൽ പ്രൊഫ.കെ.എ. തുളസി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ബഹ്റൈനിലും ആഹ്ലാദം. പാലക്കാട് ജില്ലയിലെ ഇടത് കോട്ടയായ കോങ്ങാട്ട് നിന്നും കോൺഗ്രസ് അംഗമായി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉടനെ തന്നെ മന്ത്രി സ്ഥാനവും തുളസി ടീച്ചറെ തേടി വന്നതിൽ പ്രവാസി സമൂഹവും ആഹ്ലാദത്തിലാണ്. ബഹ്റൈനിൽ പ്രവാസിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി സൽമാനുൽ ഫാരിസ് തുളസി ടീച്ചർ സ്ഥാനാർത്ഥി ആയതു മുതൽ മുഴുവൻ സമയവും ടീച്ചറുടെ കൂടെ പ്രചാരണത്തിന് ഉണ്ടായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് വിജയം ഉറപ്പിച്ചതിന് ശേഷമാണ് സൽമാൻ ബഹ്റൈനിൽ തിരിച്ചെത്തിയത്.
തുളസി ടീച്ചറുടെ ആദ്യ വിദേശയാത്ര ബഹ്റൈനിലേക്ക് ആയിരുന്നു എന്ന ഒരു പ്രത്യേകതയും ഉണ്ട്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ബഹ്റൈനിലെ പാലക്കാട് ജില്ലക്കാരുടെ സംഘടനയായ പാലക്കാട് ആർട്ട്സ് ആൻ്റ് കൾച്ചറൽ തിയ്യറ്ററിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് തുളസി ടീച്ചർ ഭർത്താവും പാലക്കാട് എം.പി.യുമായ വി.കെ.ശ്രീകണ്ഠൻ്റെ കൂടെ ബഹ്റൈനിലെത്തിയത്. സൽമാനുൽ ഫാരിസിൻ്റെ ക്ഷണം സ്വീകരിച്ച് ബഹ്റൈനിലെത്തിയ അവർ അഞ്ച് ദിവസം ഇവിടെ ഉണ്ടായിരുന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും സൽമാൻ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നാട്ടിൽ പോകാറുണ്ട്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ വിശ്രമിച്ചിരുന്ന സമയത്ത് പോലും വി.കെ.ശ്രീകണ്ഠന് വേണ്ടി സജീവ പ്രവർത്തനത്തിൽ മുഴുകിയിരുന്നു. 16 വർഷമായി ബഹ്റൈൻ പ്രവാസിയായ സൽമാനുൽ ഫാരിസിന് ഇവരുമായി വളരെ അടുത്ത കുടുംബ സൗഹൃദമാണുള്ളത്.
ബഹ്റൈൻ പ്രവാസിയാകുന്നതിന് മുമ്പ് പാലക്കാട് ജില്ലയിലെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായിരുന്ന കാലത്താണ് സൽമാന് അന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന വി.കെ.ശ്രീകണ്ഠനുമായും തുളസി ടീച്ചറുമായും അടുപ്പമായത്. നെന്മാറ എൻ.എസ്.എസ്.കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ തുളസി ടീച്ചർ 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കെ.പി.സി.സി.ജനറൽ സെക്രട്ടറിയായ തുളസി ടീച്ചർ സംസ്ഥാന വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും ശ്രദ്ദേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. സ്വന്തം മണ്ഡലമായ മണ്ണാർക്കാട് എം.എൽ.എയും സുഹൃത്തുമായ എൻ.ഷംസുദ്ധീനും മന്ത്രിയായത് സൽമാനുൽ ഫാരിസിന് ഇരട്ടി സന്തോഷം നൽകുന്നു. അവിടെയും പ്രചാരണ പ്രവർത്തനങ്ങളിൽ സൽമാനുൽ ഫാരിസ് ശ്രദ്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

