ടഗ് ഓഫ് വാർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsടഗ് ഓഫ് വാർ അസോസിയേഷൻ ലോഗോ പ്രകാശനച്ചടങ്ങ്
മനാമ: ബഹ്റൈനിലെ വടംവലി കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ ഓണാഘോഷവും പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ബി.എം.സി ഹാളിൽ നടന്ന ഓണാഘോഷം മുതിർന്നവരുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികൾകൊണ്ട് ശ്രദ്ധേയമായി.
ബഹ്റൈനിലെ സാംസ്കാരിക, സാമൂഹികരംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വടംവലി എന്ന കായിക ഇനത്തെ നെഞ്ചിലേറ്റുന്ന കായികതാരങ്ങളെ ചടങ്ങിൽ അനുമോദിച്ചു.
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം (സ്പോർട്സ് ആൻഡ് ഡിസിപ്ലിൻ) രാജേഷ് നമ്പ്യാർ മുഖ്യാതിഥി ആയിരുന്നു. ഡോ. ഷെമിലി പി. ജോൺ, നൈന മുഹമ്മദ് ഷാഫി, ഡോ. പി.വി. ചെറിയാൻ, എബ്രഹാം ജോൺ എന്നിവർ ആശംസകൾ നേർന്നു. രാജേഷ് നമ്പ്യാർക്കും നൈന മുഹമ്മദ് ഷാഫിക്കും മെമെന്റോ നൽകി ആദരിച്ചു. ടഗ് ഓഫ് വാർ അസോസിയേഷൻ രക്ഷാധികാരിയും ലോക കേരളസഭ അംഗവും ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിനെ അസോസിയേഷൻ പ്രതിനിധികളായ ഷാജി ആന്റണി, ഒ.കെ. അമൽദേവ്, രഞ്ജിത്ത് ബാബു, രതിൻ തിലക്, ശരത് സുരേന്ദ്രൻ, ഷജിൽ ആലക്കൽ എന്നിവർ ചേര്‍ന്ന് പൊന്നാട അണിയിച്ചു. അസോസിയേഷൻ ഒഫീഷ്യൽ അംഗങ്ങളായ ഒ.കെ. അമൽദേവ് സ്വാഗതവും ശരത് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

