ആറ് മില്യൺ ദീനാറിലധികംതട്ടിയെടുത്ത കേസിൽ വിചാരണ തുടങ്ങി
text_fieldsമനാമ: ബഹ്റൈനിലെ പ്രശസ്തനായ ഒരു വ്യവസായിയും അദ്ദേഹത്തിന്റെ കമ്പനിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആറ് മില്യൺ ദീനാറിലധികം വരുന്ന നിക്ഷേപകരുടെ പണം തട്ടിയെടുത്തു എന്ന കേസിൽ വിചാരണ തുടങ്ങി. വിശ്വസ്തമെന്ന് കരുതപ്പെട്ടിരുന്ന പ്രതിയുടെ ബിസിനസിൽ നിക്ഷേപിച്ച 350ലധികം നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്നത്.
എന്നാൽ കമ്പനിയുടെ ഉടമ, ചീഫ് എക്സിക്യൂട്ടിവ്, രണ്ട് ബോർഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ നാല് ബഹ്റൈനികളും ഹൈ ക്രിമിനൽ കോടതിയിൽ തട്ടിപ്പ്, വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നിഷേധിച്ചു.പ്രതികളായ വ്യവസായിയുടെ അഭിഭാഷകർ, അദ്ദേഹത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും പൊതുജനാഭിപ്രായം കേസിന്റെ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി, കേസിന്റെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഈ അപേക്ഷ തള്ളിക്കളയുകയായിരുന്നു.
352 ഇരകളെ പ്രതിനിധാനം ചെയ്ത് മൂന്ന് അഭിഭാഷകരും കോടതിയിൽ ഹാജരായി. വിചാരണ അവസാനിച്ച ശേഷം സിവിൽ കേസ് ഫയൽ ചെയ്യുന്നതിനായി കോടതി രേഖകൾ ആവശ്യമാണെന്ന് അവർ കോടതിയോട് അപേക്ഷിച്ചു.പ്രധാന പ്രതിയുടെ വിജയകരമായ മാതൃകമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കേസിൽ ഉൾപ്പെട്ട നിക്ഷേപക കമ്പനി. ഈ കമ്പനിയുടെ എട്ട് ശാഖകളും സിജിലാറ്റ് വാണിജ്യ രജിസ്ട്രേഷൻ പോർട്ടൽ പ്രകാരം കണ്ടുകെട്ടിയിരിക്കുകയാണ്. നാഷനൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസിൽ നിന്നുള്ള സൂചനയാണ് അന്വേഷണത്തിന് വഴിവെച്ചത്. പ്രതികൾ വ്യാജ ബിസിനസ് കരാറുകളിലൂടെ നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് ആരോപണം.പ്രതികളുടെ തട്ടിപ്പ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ദോഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി, നിയമപ്രകാരമുള്ള ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.പ്രതിഭാഗം അഭിഭാഷകർക്ക് പ്രോസിക്യൂഷൻ സമർപ്പിച്ച 8000ത്തിലധികം പേജുകളുള്ള തെളിവുകൾ പഠിച്ച് പ്രതികരിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ചുകൊണ്ട്, കോടതി കേസ് ഒക്ടോബർ 20ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

