Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാത്ര ചെയ്യുന്നുണ്ടോ?...

യാത്ര ചെയ്യുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

text_fields
bookmark_border
യാത്ര ചെയ്യുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
cancel
camera_alt

ഫസലുൽ ഹഖ്

ഇന്ത്യയിൽനിന്ന് ബഹ്​റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് നൂറുകൂട്ടം സംശയങ്ങളാണുള്ളത്. കോവിഡ് കാലത്ത് ഇൗ സംശയങ്ങൾ വൻതോതിൽ വർധിച്ചു. സാമൂഹിക പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും അടുത്ത് സംശയങ്ങളുമായി നിരവധി പേരാണ് വിളിക്കുന്നത്. ഇൗ സാഹചര്യത്തിൽ യാത്രക്കാർ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വ്യക്​തമാക്കുകയാണ്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്. അടിക്കടി യാത്രാ നിബന്ധനകൾ മാറുന്ന സാഹചര്യത്തിൽ ഏറ്റവും പുതിയ അറിയിപ്പുകൾ അറിയാൻ യാത്രക്കാൻ ശ്രദ്ധിക്കണം. നിലവിലുള്ള യാത്രാ നിബന്ധനകളാണ്​ ഇവിടെ സൂചിപ്പിക്കുന്നത്​.

1. യാത്ര ചെയ്യുന്നവർ ചുരുങ്ങിയത് മൂന്ന് മണിക്കൂർ മുെമ്പങ്കിലും എയർപോർട്ടിൽ എത്താൻ ശ്രദ്ധിക്കണം. എയർപോർട്ടിൽ എത്തിയശേഷം യാത്രക്ക് എന്തെങ്കിലും തടസ്സം നേരിട്ടാൽ സാമൂഹിക പ്രവർത്തകർക്ക് ഇടപെടാനും പ്രശ്​നപരിഹാരമുണ്ടാക്കാനും സമയം ആവശ്യമാണ്. കഴിഞ്ഞദിവസം ഡൽഹിയിലേക്ക് പോയ ഒരു കുടുംബത്തിലെ മൂന്ന് വയസ്സുള്ള കുട്ടിക്ക് ആർ.ടി.പി.സി.ആർ ഇല്ലാതിരുന്നതിനാൽ യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ടായി. എന്നാൽ, ആവശ്യമായ സമയം ലഭിച്ചതിനാൽ ഡൽഹിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി ഇവരുടെ യാത്ര സാധ്യമാക്കാനായി.

2. ബഹ്​റൈനിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന ഏത് പ്രായക്കാർക്കും 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നിർബന്ധമാണ്. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന വാക്സിൻ എടുക്കാത്ത യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. എല്ലാ യാത്രക്കാരും ബഹ്​റൈൻ എയർപോർട്ടിൽ കോവിഡ് പരിശോധനക്കുള്ള 36 ദീനാർ അടക്കുകയും വേണം. ആറ് വയസ്സിൽ താഴെയുള്ളവർക്ക് നാട്ടിൽനിന്നുള്ള ടെസ്റ്റോ ബഹ്റൈനിൽ എത്തിയശേഷമുള്ള ടെസ്റ്റോ ഇല്ല.

3. നിലവിൽ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള ടെസ്​റ്റ്​ ഒഴിവാക്കിയിട്ടുണ്ട്.

4. ഇന്ത്യയിലേക്ക് പോകുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്​ത്​ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം. കേരളത്തിലേക്കുള്ളവർ ജാഗ്രത പോർട്ടലിൽ കൂടി രജിസ്റ്റർ ചെയ്​ത്​ പ്രിൻറൗട്ട് എടുക്കണം. ഇതുവഴി നാട്ടിലെ എയർപോർട്ടിൽ വെച്ച് ഫോറം പൂരിപ്പിക്കേണ്ട പ്രയാസം ഒഴിവാക്കാൻ സാധിക്കും.

5. യാത്ര പദ്ധതിയിടുേമ്പാൾ തന്നെ പാസ്​പോർട്ടിെൻറയും വിസയുടെയും കാലാവധി ഉറപ്പാക്കിയിരിക്കണം. അതുപോലെ, കേസുകളോ വായ്​പ/ടെലിഫോൺ കുടിശ്ശികകളോ ഉണ്ടെങ്കിൽ അതെല്ലാം തീർക്കാൻ ശ്രദ്ധിക്കണം.

6. പുതുക്കിയ പാസ്​പോർട്ടാണെങ്കിൽ പഴയ പാസ്​പോർട്ടിലെ വിസ വാലിഡിറ്റി പുതിയതിലേക്ക് മാറ്റി സ്​റ്റിക്കർ പതിക്കണം. ഇത് യാത്രക്ക് മുമ്പ് തന്നെ ചെയ്യുന്നതാണ് നല്ലത്.

7. വിസിറ്റ് ഇ-വിസയിൽ വരുന്നവർ നിർബന്ധമായും വിസയുടെ വ്യവസ്ഥകൾ മനസ്സിലാക്കിയിരിക്കണം. ബിസിനസ്/ഇൻവെസ്​റ്റ്​മെൻറ്, ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിലാണ് ഇൗ വിസകൾ ലഭിക്കുന്നത്. ഇതിൽ ബിസിനസ്/ഇൻവെസ്​റ്റ്​മെൻറ്, ടൂറിസ്​റ്റ്​ വിഭാഗങ്ങളിൽ വരുന്നവരുടെ പക്കൽ 250 ദീനാറിന് തുല്യമായ തുക ഉണ്ടായിരിക്കണം. ഇൗ തുക ഇല്ലാതിരുന്നതിെൻറ പേരിൽ അടുത്ത ദിവസങ്ങളിൽ നിരവധി പേർക്ക് വിമാനത്താവളത്തിൽനിന്ന് മടങ്ങിപ്പോകേണ്ടിവന്നു. വിശ്വാസ്യതയുള്ള ട്രാവൽ ഏജൻറുമാർ മുഖേന ഇത്തരം വിസകൾ എടുക്കാനും ശ്രദ്ധിക്കണം. ഫാമിലി വിഭാഗത്തിൽ വരുന്നവർ വിവാഹ സർട്ടിഫിക്കറ്റും ഭർത്താവിെൻറ/ഭാര്യയുടെ പാസ്​പോർട്ട് കോപ്പിയും കരുതണം. കുട്ടികളാണെങ്കിൽ ജനന സർട്ടിഫിക്കറ്റിെൻറ കോപ്പിയും കരുതണം.

8. നിരോധിത വസ്​തുക്കൾ കൈവശംവെക്കരുത്.

9. ഏതെങ്കിലും ആളുകൾക്കു വേണ്ടി സാമൂഹിക പ്രവർത്തകരെയോ മറ്റോ വിളിക്കുേമ്പാൾ ആർക്കുവേണ്ടി വിളിക്കുന്നുവോ അയാളുടെ സത്യസന്ധത ഉറപ്പാക്കിയിരിക്കണം. അല്ലെങ്കിൽ സാമൂഹിക പ്രവർത്തകർ കുടുങ്ങുന്ന സ്ഥിതി ഉണ്ടാകും.

10. ഗൾഫ് എയറിൽ കാർട്ടൺ അനുവദിക്കുന്നതല്ല. നിശ്ചിത അളവിലുള്ള പെട്ടികൾ മാത്രമാണ് അനുവദിക്കുന്നത്. രൂപരഹിതമായ ബാഗേജുകളും കയർകൊണ്ട് കെട്ടിയ ബാഗേജുകളും എയർലൈൻസുകൾ അനുവദിക്കില്ല.

11. മാസ്​ക്​, സാനിറ്റൈസർ എന്നിവ കരുതിയിരിക്കണം. ആവശ്യമില്ലാതെ പ്രതലങ്ങളിൽ സ്​പർശിക്കരുത്.

12. ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് ബി അവെയർ ആപ്പിലെ ഗ്രീൻ ഷീൽഡ് മഞ്ഞ ആയവരെയും ഹോട്ടൽ ബുക്കിങ് ഇല്ലാതെ വരാൻ ഗൾഫ് എയറും എയർ ഇന്ത്യയും അനുവദിക്കുന്നുണ്ട്. ഇങ്ങനെ വരുന്നവരിൽ 90 ശതമാനം പേർക്കും ക്വാറൻറീൻ ഇല്ലാതെ ഇറങ്ങാനും കഴിയുന്നുണ്ട്. ക്വാറൻറീൻ നിർബന്ധമായും വേണമെന്ന് പറഞ്ഞാൽ മാത്രം ഹോട്ടൽ ബുക്കിങ് നടത്തിയാൽ മതിയാകും. ബുക്കിങ് നടത്തുകയാണെങ്കിൽ റീഫണ്ട് കിട്ടുന്ന തരത്തിലുള്ള ബുക്കിങ് നടത്താൻ ശ്രദ്ധിക്കണം.

യാത്രാ സംബന്ധമായി പ്രശ്​നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ പരമാവധി സഹായങ്ങൾ ലഭ്യമാക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Traveling? Let's look at these things
Next Story