പോസ്റ്റ് ഓഫിസുകൾ സന്ദർശിക്കാതെ പാഴ്സലുകൾ സ്വീകരിക്കാം; ഇലക്ട്രോണിക് ലോക്കർ സേവനം ആരംഭിച്ച് ബഹ്‌റൈൻ പോസ്റ്റ്
text_fieldsമനാമ: തപാൽ സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ലളിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി ബഹ്‌റൈൻ പോസ്റ്റ് ഇലക്ട്രോണിക് ലോക്കർ സേവനം ആരംഭിച്ചു. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയമാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.
ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് തപാൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട്, പോസ്റ്റ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ പറഞ്ഞു. ഈ സേവനം പാഴ്സലുകൾ ശേഖരിക്കുന്നതിന് എളുപ്പവും സൗകര്യപ്രദവുമായ മാർഗങ്ങൾ നൽകുന്നുവെന്നും വ്യക്തികളുടെയും ബിസിനസ്സുകളുടെയും ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് ലോക്കറുകൾ വഴി ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫിസുകൾ സന്ദർശിക്കാതെയും നിശ്ചിത സമയപരിധിയില്ലാതെയും പാഴ്സലുകൾ സുരക്ഷിതമായി സ്വീകരിക്കാൻ സാധിക്കും. ലോക്കറിന്റെ ലൊക്കേഷനും ഒരു കോഡും ഉപഭോക്താവിനെ അറിയിക്കും. ഈ കോഡ് ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ പാഴ്സൽ സ്വീകരിക്കാൻ ചുമതലപ്പെടുത്താനുള്ള ഓപ്ഷനും ലഭ്യമാണ്.
പ്രധാന ഷോപ്പിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇലക്ട്രോണിക് ലോക്കറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഔദ്യോഗിക സമയപരിധിക്കപ്പുറവും സൗകര്യത്തിനനുസരിച്ച് പാഴ്സലുകൾ ശേഖരിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. പാഴ്സലുകൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
സീഫ് മാൾ (സീഫ്), സീഫ് മാൾ (മുഹറഖ്), സീഫ് മാൾ (ഇസ ടൗൺ), മറാസി ഗലേറിയ, ദി അവന്യൂസ്, സൂഖ് അൽ ബറാഹ, ഡ്രാഗൺ സിറ്റി, സാർ മാൾ എന്നിവിടങ്ങളിൽ നിലവിൽ ഇലക്ട്രോണിക് ലോക്കറുകൾ ലഭ്യമാണ്. വരും കാലയളവിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. അതത് സ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ ഉപഭോക്താക്കൾക്ക് ലോക്കറുകൾ ഉപയോഗിക്കാം.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ആധുനികവും സംയോജിതവുമായ ഒരു തപാൽ സംവിധാനം വികസിപ്പിക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, തപാൽ, ലോജിസ്റ്റിക് സേവനങ്ങളിൽ ബഹ്‌റൈനെ ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമായി വളർത്താനും നൂതനവും ഭാവിക്ക് സജ്ജവുമായ സേവനങ്ങൾ നൽകാനും ലക്ഷ്യമിടുന്നതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

