‘രാജ്യദ്രോഹികൾക്ക് ബഹ്‌റൈനിൽ സ്ഥാനമില്ല’
text_fieldsമനാമ: ബഹ്‌റൈൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും ഇടപെടലുകളെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ശക്തമായി അപലപിച്ചു. ഇത്തരം പ്രതിസന്ധികളാണ് യഥാർത്ഥ ദേശസ്‌നേഹികളെയും ശത്രുവിനൊപ്പം ചേർന്ന് രാജ്യത്തെ വഞ്ചിക്കുന്നവരെയും തിരിച്ചറിയാൻ സഹായിക്കുന്നതെന്ന് ബഹ്‌റൈൻ വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്തവർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചവരുടെ നടപടി അങ്ങേയറ്റം ഗൗരവകരമാണെന്നും ശത്രുക്കളുമായി സഹകരിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് രാജ്യത്തെ സംരക്ഷിക്കാൻ അതീവ ജാഗ്രതയോടെ നിലകൊള്ളുമ്പോൾ രാജ്യത്തിനകത്തുനിന്ന് ശത്രുവിനെ സഹായിക്കുന്നവർ രാജ്യദ്രോഹികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വഞ്ചിക്കുന്നവർക്ക് ബഹ്‌റൈൻ മണ്ണിൽ ജീവിക്കാനോ പൗരനായി അറിയപ്പെടാനോ അർഹതയില്ലെന്ന് വ്യക്തമാക്കിയ രാജാവ് പൗരത്വം എന്നത് കേവലം നൽകപ്പെടുന്ന ഒന്നല്ലെന്നും മറിച്ച് അതൊരു പവിത്രമായ ഉടമ്പടിയാണെന്നും പ്രസ്താവിച്ചു. ഈ ഉടമ്പടി ലംഘിക്കുന്നവർക്ക് പൗരത്വത്തിനുള്ള അവകാശം നഷ്ടമാകും. കുറ്റക്കാർക്കെതിരെ പൗരത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ തുടരുമെന്നും ഇത് പ്രതികാരമല്ല മറിച്ച് വിശ്വസ്തരായ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അനിവാര്യമായ നീക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു. ചില പാർലമെൻ്റ് അംഗങ്ങൾ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി നിലകൊണ്ടതിൽ ഖേദം പ്രകടിപ്പിച്ച രാജാവ് അത്തരക്കാർക്ക് മുന്നിൽ രണ്ട് വഴികളാണുള്ളതെന്ന് ചൂണ്ടിക്കാട്ടി.
ഒന്നുകിൽ ജനങ്ങളോട് പരസ്യമായി മാപ്പപേക്ഷിച്ച് വിശ്വാസം വീണ്ടെടുക്കുക, അല്ലെങ്കിൽ അവർ പിന്തുണയ്ക്കുന്ന ശത്രുക്കൾക്കൊപ്പം ചേരുക. ഭരണകൂടത്തെയും ജനങ്ങളെയും പ്രതിനിധീകരിക്കാൻ വഞ്ചകർക്ക് അർഹതയില്ലെന്നും ഇവരെ സഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ്റെ ഇടപെടലുകൾക്കെതിരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ജനങ്ങൾ ബഹ്‌റൈന് പൂർണ പിന്തുണ നൽകുന്നതായി ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തെ വഞ്ചകരിൽ നിന്ന് ശുദ്ധീകരിക്കുന്നത് വരെ സാധാരണ ജീവിതവും സുരക്ഷയും പൂർണ്ണമായി പുനഃസ്ഥാപിക്കാനാവില്ല. രാജ്യം എല്ലാത്തിനും മുകളിലാണെന്നും ഓരോ പൗരനും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ബഹ്‌റൈൻ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യം എന്നാൽ അരാജകത്വമല്ലെന്നും അത് രാജ്യദ്രോഹത്തിന് ആർക്കും അധികാരം നൽകുന്നില്ലെന്നും വ്യക്തമാക്കിയ ഹമദ് രാജാവ് രാജ്യത്തിൻ്റെ സുസ്ഥിരതയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

