ഗതാഗത നിയമലംഘനം; പിഴ അടക്കാൻ 30 ദിവസത്തെ കാലാവധിക്ക് പാർലമെന്റ് അംഗീകാരം
text_fieldsകഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് യോഗം
മനാമ: ഗതാഗത നിയമലംഘനത്തെത്തുടർന്ന് വരുന്ന പിഴകൾ അടക്കാൻ 30 ദിവസത്തെ കാലാവധി അനുവദിക്കണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. ചില എതിർപ്പ് സ്വരങ്ങൾ ഉടലെടുത്തെങ്കിലും 2014 ട്രാഫിക് നിയമത്തിൽ ഭേദഗതിക്കായി അനുമതി നൽകിയ പാർലമെന്റ് നിർദേശം തുടർ നടപടികൾക്കായി ശൂറാ കൗൺസിലിലേക്ക് അവലോകനത്തിനായി വിട്ടിരിക്കയാണ്. നിലവിലുള്ള ഏഴ് ദിവസത്തെ കാലാവധിക്ക് പകരമായി 30 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് എം.പി ഡോ. അലി അൽ നുഐമി നിർദേശിച്ചത്.
കൂടാതെ നിയമലംഘകർ 30 ദിവസത്തിനുള്ളിൽ പിഴ അടക്കാൻ തയാറായാൽ പകുതി തുകയാക്കി പിഴ കുറക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ പിഴ അടക്കുകയാണെങ്കിൽ നേരത്തേ പകുതി തുക നൽകിയാൽ മതിയായിരുന്നു. ട്രാഫിക് പിഴകൾ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നിയമലംഘകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് നിർദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അലി അൽ നുഐമി പറഞ്ഞു. എന്നാൽ, എല്ലാവർക്കും പിഴയിളവ് ഒരുപോലെ നൽകുന്നത് തെറ്റായ സന്ദേശം പ്രചരിക്കാനും കൂടുതൽ നിയമലംഘനങ്ങൾ വർധിക്കാനും കാരണമാകുമെന്നും സർക്കാർ അറിയിച്ചു.
പൗരന്മാർ അനുഭവിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ നിലവിലെ ഒരാഴ്ചത്തെ സമയപരിധി വളരെ ചെറുതാണെന്ന് പാർലമെന്റ് യോഗത്തിൽ അൽ നുഐമി മറുപടിയായി പറഞ്ഞു. ശമ്പളം ലഭിക്കാത്ത സമയത്തായിരിക്കും ഒരുപക്ഷേ പിഴ ലഭിക്കുന്നത്. അത് നൽകാനുള്ള പണം ആ സമയം അവരുടെ പക്കൽ ഉണ്ടാവില്ല. അത്തരക്കാർക്ക് സമയം ദീർഘിപ്പിക്കുന്നത് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതച്ചെലവ് കൂടുന്ന സാഹചര്യത്തിൽ നിലവിലെ ഒരാഴ്ചത്തെ സമയം കൂട്ടി നൽകുന്നത് കേസുകൾ ട്രാഫിക് കോടതിയിലേക്ക് പോകുന്നത് കുറക്കാൻ കഴിയുമെന്നും ഒരു മാസം കാല താമസം നൽകുന്നത് കൂടുതൽ ഒത്തുതീർപ്പുകൾക്കും കേസുകൾ കുറക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ അനുമതിയുണ്ടെങ്കിലും നിർദേശത്തിൽ സർക്കാർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. കുറ്റക്കാരെ ശിക്ഷിക്കാൻ മാത്രമല്ല വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാനാണ് പിഴകൾ ചുമത്തുന്നത്. പിഴ അടക്കൽ വൈകിപ്പിക്കുന്നതിലൂടെ നിയമത്തിന്റെ പ്രതിരോധ സ്വഭാവത്തിന് കോട്ടം സംഭവിക്കും, അത് ഗതാഗത അച്ചടക്കത്തിൽനിന്നും റോഡ് സുരക്ഷയിൽ നിന്നും ജനങ്ങളെ മാറ്റിനിർത്താൻ പ്രേരിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
പിഴ അടക്കുന്നതിലെ കാലാവധി നീട്ടുന്നതിലൂടെ നിയമ ലംഘനനിരക്ക് കൂട്ടുമെന്ന് വാദിച്ച് നീതി, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയവും സർക്കാറിന്റെ നിലപാടുകൾക്ക് പിന്തുണയറിയിച്ചു. ബഹ്റൈൻ ബാർ സൊസൈറ്റി പിഴ കാലാവധി നീട്ടാനുള്ള നിർദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നിയമം നടപ്പാക്കിയാൽ പിഴയടക്കുന്നവർക്ക് സാമ്പത്തിക ആശ്വാസം നൽകുമെന്നും സൊസൈറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

