ബഹ്റൈൻ വിമാനത്താവളത്തിന് പുറത്ത് ഗതാഗതക്കുരുക്ക് രൂക്ഷം; സൗജന്യ പാർക്കിങ് സമയം വർധിപ്പിക്കണമെന്ന് ആവശ്യം
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പാർക്കിങ് ഫീസ് ഒഴിവാക്കാനായി വാഹനങ്ങൾ റോഡുകളിലും ഡിപ്പാർച്ചർ ലെയ്‌നുകളിലും നിർത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ രംഗത്ത്. വിമാനത്താവളത്തിലെ സൗജന്യ സ്റ്റോപ്പിംഗ് സമയം 15 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെത്തുടർന്നാണ് ഈ വിവാദം വീണ്ടും സജീവമായത്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, നിലവിലുള്ള സൗജന്യ സമയം പര്യാപ്തമാണോ എന്ന ചർച്ചയ്ക്ക് ഇത് തുടക്കമിട്ടിട്ടുണ്ട്.
യാത്രക്കാരെ യാത്രയയക്കാനും സ്വീകരിക്കാനുമെത്തുന്നവർ ആവശ്യത്തിന് സമയമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായ അബ്ദുൽഖാദർ അൽ സയ്യിദ് വ്യക്തമാക്കി. ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകളിലെ അപ്രതീക്ഷിത താമസങ്ങൾ കാരണം യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവർ പലപ്പോഴും പ്രതിസന്ധിയിലാകാറുണ്ട്. സൗജന്യ വെയിറ്റിംഗ് സമയം 30 മിനിറ്റായി ഉയർത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
ചിലർ വിമാനത്താവളത്തെ സ്വകാര്യ പാർക്കിംഗ് സ്ഥലമായി കണക്കാക്കി പെരുമാറുന്നത് വലിയ നിരാശയാണ് ഉണ്ടാക്കുന്നതെന്ന് അറാദ് കൗൺസിലർ അഹ്മദ് അൽ മേഘാവി പറഞ്ഞു. അതേസമയം, യാത്രക്കാരെ യാത്രയയക്കാനോ കൂട്ടിക്കൊണ്ടുപോകാനോ എത്തുന്നവർക്ക് 15 മിനിറ്റ് തികയാറില്ലെന്ന കാര്യവും അദ്ദേഹം സമ്മതിച്ചു.
പാർക്കിങ് ഫീസ് ഒഴിവാക്കാനും റോഡുകളിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനും ചില വാഹനയാത്രക്കാർ ഡിപ്പാർച്ചർ ഏരിയയിൽ നിന്ന് തന്നെ വരുന്ന യാത്രക്കാരെ കയറ്റിപ്പോകാൻ തുടങ്ങിയത് ഗൗരവമേറിയ പ്രശ്നമാണെന്ന് പാർലമെന്റ് അംഗമായ മുഹമ്മദ് അൽ ഒലൈവി മുന്നറിയിപ്പ് നൽകി. അനധികൃത പാർക്കിംഗും സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവരുമാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗതം സുഗമമാക്കുന്നതിനും കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും സൗജന്യ സമയപരിധി പുനഃപരിശോധിക്കണമെന്നും അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എസി), അമാകിൻ എന്നിവയ്ക്ക് ഔദ്യോഗിക കത്തുകൾ അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

