ട്രാഫിക് ഡയറക്ടറേറ്റിന്റെ ബോധവത്കരണ പരിപാടി ശ്രദ്ധയാകർഷിക്കുന്നു
text_fieldsട്രാഫിക് ഡയറക്ടറേറ്റ് അവന്യൂസ് മാളിൽ നടത്തുന്ന ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: സ്കൂൾ ബസിൽ കയറുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, ബസിനകത്ത് എങ്ങനെ പെരുമാറണം, റോഡ് മുറിച്ചുകടക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...കുട്ടികളെ ഗതാഗത നിയമങ്ങൾ പഠിപ്പിക്കാൻ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ച ബോധവത്കരണ പരിപാടി ശ്രദ്ധ നേടിക്കഴിഞ്ഞു. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് സെപ്റ്റംബർ നാലിനാണ് അവന്യൂസ് മാളിൽ ബോധവത്കരണ പരിപാടി ആരംഭിച്ചത്. രണ്ട് വർഷം സ്കൂളുകളിൽ പോകാതിരുന്നതിനാൽ കുട്ടികൾ പലരും ഗതാഗത നിയമങ്ങളെക്കുറിച്ച് മറന്നുപോയിട്ടുണ്ടാകും. ഈ സാഹചര്യത്തിൽ, സുരക്ഷിതമായി സ്കൂളുകളിലേക്ക് പോകാനും തിരിച്ചെത്താനും വിദ്യാർഥികളെ സഹായിക്കുന്നതിനാണ് കാമ്പയിൻ ആരംഭിച്ചത്. വീട്ടിൽനിന്ന് ഇറങ്ങുന്നതുമുതൽ സ്കൂളിലെത്തുന്നതുവരെ കാണുന്ന വിവിധ ട്രാഫിക് ചിഹ്നങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്നും ഇവിടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു.
ഗതാഗത നിയമങ്ങൾ സൂചിപ്പിക്കുന്ന കളറിങ് ബുക്ക് നൽകിയാണ് ട്രാഫിക് അധികൃതർ കുട്ടികളെ സ്വീകരിക്കുന്നത്. ബുക്കിലെ 'വഴി കണ്ടുപിടിക്കുക' എന്ന ഗെയിമിൽ ഒരുകുട്ടിയെ വീട്ടിൽനിന്ന് സ്കൂളിലെത്തിക്കാനുള്ള ദൗത്യമാണ് കളിക്കുന്നവർ ഏറ്റെടുക്കുന്നത്. വഴിയിൽ കാണുന്ന ഗതാഗത നിയമങ്ങൾ പാലിച്ചുവേണം കുട്ടിയെ സ്കൂളിലെത്തിക്കാൻ. കുട്ടികൾക്ക് പവലിയനിൽത്തന്നെ ഇരുന്ന് കളറിങ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്കൂൾ ബസിൽ പാലിക്കേണ്ട മര്യാദകൾ പഠിപ്പിക്കാൻ ബസിന്റെ മാതൃകതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കാൽനടക്കാർക്കുള്ള പാതകൾ, സ്കൂൾ ബസ് സ്റ്റോപ്, കുട്ടികൾ കളിക്കുന്ന സ്ഥലം തുടങ്ങിയവ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ എന്തൊക്കെയെന്ന് ഇവിടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. അടിയന്തര ഘട്ടത്തിൽ വിളിക്കേണ്ട ട്രാഫിക് നമ്പർ '199' ആണെന്നും കുട്ടികൾ പഠിക്കുന്നു.
കളികളിലൂടെ ഗതാഗത നിയമങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയാണ് ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്. ഇതിനകം സ്വദേശികളും പ്രവാസികളുമായി നൂറുകണക്കിന് കുട്ടികൾ പവലിയൻ സന്ദർശിച്ചു. വരുന്ന കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ നൽകാനും അധികൃതർ മറക്കുന്നില്ല. കുട്ടികൾക്ക് ഗതാഗത നിയമങ്ങൾ പറഞ്ഞുകൊടുക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. ബോധവത്കരണ പരിപാടി ശനിയാഴ്ച വൈകീട്ട് 10ന് സമാപിക്കും. അവന്യൂസ് മാളിലെ ഒന്നാമത്തെ ഗേറ്റ് കടന്ന് വലത്തോട്ട് തിരിഞ്ഞാൽ പരിപാടി നടക്കുന്ന സ്ഥലത്തെത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.