സ്മാർട്ട് ക്യാമറകളുടെ വരവ്: വാഹനാപകടങ്ങളും വേഗത, നിയമലംഘനങ്ങളും കുറഞ്ഞു
text_fieldsമനാമ: ബഹ്‌റൈൻ റോഡുകളിൽ അമിതവേഗതയിലുള്ള വാഹനമോടിക്കൽ നാല് വർഷത്തിനിടയിൽ 67.1 ശതമാനം കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്മാർട്ട് ക്യാമറകളുടെ വ്യാപകമായ ഉപയോഗം, കർശനമായ നിയമങ്ങൾ, ഡ്രൈവർമാരിലുണ്ടായ ബോധവൽക്കരണം എന്നിവയാണ് ഡ്രൈവിംഗ് ശീലങ്ങളിൽ മാറ്റം വരുത്താൻ കാരണമായത്.
പോലീസ് കണക്കുപ്രകാരം 2021-ൽ 220,041 ആയിരുന്ന അമിതവേഗത മൂലമുള്ള കുറ്റകൃത്യങ്ങൾ 2025 ആയപ്പോഴേക്കും 72,468 ആയി കുറഞ്ഞു. അതായത് പ്രതിദിനം ശരാശരി 603 നിയമലംഘനങ്ങൾ നടന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം അത് 199 ആയി ചുരുങ്ങി. 2024-ൽ മാത്രം വേഗത നിയമലംഘനങ്ങളിൽ 45.8 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ ട്രാഫിക് നിയമങ്ങളും കർശനമായ ശിക്ഷാ നടപടികളും ഡ്രൈവർമാരിൽ കൂടുതൽ ജാഗ്രത വളർത്തിയിട്ടുണ്ടെന്ന് ശൂറ കൗൺസിൽ അംഗം ഇജ്ലാൽ ബുബ്ശൈത് വ്യക്തമാക്കി.
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ക്യാമറകളും ഉള്ളതിനാൽ നിയമം ലംഘിക്കുന്നതിന് മുൻപ് തന്നെ ഡ്രൈവർമാർ വേഗത കുറയ്ക്കാൻ തയ്യാറാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റോഡുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും ഈ പുരോഗതി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

