കയറ്റുമതി-ഇറക്കുമതിയിൽ ബഹ്റൈനിൽ വ്യാപാര കമ്മി
text_fieldsമനാമ: കഴിഞ്ഞ വർഷത്തെ ആഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം ഇറക്കുമതി, കയറ്റുമതിയിൽ രാജ്യത്ത് വ്യാപാര കമ്മിയെന്ന് ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് എണ്ണയിതര ഇറക്കുമതിയിലും കയറ്റുമതിയിലും കുറവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തെ വ്യാപാര കമ്മി വർദ്ധിച്ചത്. 2025 ആഗസ്റ്റിൽ 75 ദശലക്ഷം ദീനാറായിരുന്ന വ്യാപാര കമ്മി 2026 ആഗസ്റ്റിൽ 210 ദശലക്ഷം ദീനാറായാണ് ഉയർന്നത്.
ആഗസ്റ്റ് മാസത്തിലെ എണ്ണയിതര ഇറക്കുമതി 16 ശതമാനം കുറഞ്ഞ് 409 ദശലക്ഷം ദീനാറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 489 ദശലക്ഷം ദീനാറായിരുന്നു. രാജ്യത്തെ ആകെ ഇറക്കുമതിയുടെ 68 ശതമാനവും ആദ്യ 10 രാജ്യങ്ങളിൽ നിന്നാണ്. 72 ദശലക്ഷം ദീനാർ മൂല്യമുള്ള ഇറക്കുമതിയോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 44 ദശലക്ഷം ദീനാറുമായി യു.എ.ഇ രണ്ടാമതും 42 ദശലക്ഷം ദീനാറുമായി സൗദി അറേബ്യ മൂന്നാമതുമുണ്ട്. ഉൽപ്പന്നങ്ങളിൽ 28 ദശലക്ഷം ദീനാർ മൂല്യമുള്ള അലുമിനിയം ഓക്സൈഡാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത്. ടർബോ-ജെറ്റുകൾ (15 ദശലക്ഷം ദീനാർ), സ്വകാര്യ കാറുകൾ (14 ദശലക്ഷം ദീനാർ) എന്നിവയാണ് തൊട്ടുപിന്നിൽ.
ബഹ്റൈൻ നിർമ്മിത എണ്ണയിതര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 56 ശതമാനത്തിന്റെ കുറവുണ്ടായി. 2025 ആഗസ്റ്റിൽ 350 ദശലക്ഷം ദീനാറായിരുന്ന കയറ്റുമതി ഇത്തവണ 153 ദശലക്ഷം ദീനാറായി ചുരുങ്ങി.
ആകെ കയറ്റുമതിയുടെ 78 ശതമാനവും ആദ്യ 10 രാജ്യങ്ങളിലേക്കാണ് പോയത്. 50 ദശലക്ഷം ദീനാറിന്റെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത സൗദി അറേബ്യയാണ് പട്ടികയിൽ മുന്നിൽ. അമേരിക്ക (19 ദശലക്ഷം ദീനാർ), യു.എ.ഇ (18 ദശലക്ഷം ദീനാർ) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പ്രൊസസ് ചെയ്യാത്ത അലുമിനിയം അലോയ്കൾ (42 ദശലക്ഷം ദീനാർ), അലോയ് ചെയ്ത അലുമിനിയം വയറുകൾ (16 ദശലക്ഷം ദീനാർ), അലോയ് ചെയ്യാത്ത അലുമിനിയം വയറുകൾ (13 ദശലക്ഷം ദീനാർ) എന്നിവയാണ് പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ.
റീ എക്സ്പോർട്ടിൽ 28 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ 64 ദശലക്ഷം ദീനാറിൽ നിന്ന് ഇത്തവണ 46 ദശലക്ഷം ദീനാറായാണ് കുറഞ്ഞത്. റീ എക്സ്പോർട്ടിന്‍റെ 84 ശതമാനവും ആദ്യ 10 രാജ്യങ്ങളിലേക്കായിരുന്നു. 16 ദശലക്ഷം ദീനാറുമായി യു.എ.ഇ ഒന്നാമതും സൗദി അറേബ്യ (8 ദശലക്ഷം ദീനാർ) രണ്ടാമതും അമേരിക്ക (4 ദശലക്ഷം ദീനാർ) മൂന്നാമതുമാണ്. 8 ദശലക്ഷം ദീനാർ മൂല്യമുള്ള സ്വർണ്ണക്കട്ടികളാണ് ഏറ്റവും കൂടുതൽ റീ എക്സ്പോർട്ട് ചെയ്തത്. ടർബോ-പ്രൊപ്പല്ലറുകൾ (3.8 ദശലക്ഷം ദീനാർ), വിമാനങ്ങളുടെ അനുബന്ധ ഭാഗങ്ങൾ (3.7 ദശലക്ഷം ദീനാർ) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

