ടൂറിസം, ചികിത്സ: ഇന്ത്യ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്
text_fieldsമനാമ: ടൂറിസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദർശിക്കുന്ന ബഹ്റൈനികളുടെ എണ്ണത്തിൽ വൻ വർധനവ്. സെപ്റ്റംബർ പകുതിയോടെ ഇന്ത്യൻ എംബസി മൊത്തം 3,904 വിസകൾ അനുവദിച്ചു. അതിൽ 64 ശതമാനം ടൂറിസ്റ്റ് വിസകളായിരുന്നുവെന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പറഞ്ഞു. ബഹ്റൈൻ ഇന്ത്യ സൊസൈറ്റി (ബി.ഐ.എസ്) ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം, ചികിത്സ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദർശിക്കാൻ സ്വദേശികളെ സ്വാഗതം ചെയ്യുകയാണ്. ആയുഷ് /ഇന്ത്യൻ മെഡിസിൻ സമ്പ്രദായങ്ങൾക്ക് കീഴിലുള്ള ചികിത്സക്കായി വിദേശ പൗരന്മാർക്ക് ഇന്ത്യ ആയുഷ് വിസ നൽകുന്നുണ്ട്. ആയുർവേദം, യോഗ എന്നിവയുടെ പാരമ്പര്യം, ആരോഗ്യസംരക്ഷണം, ചികിത്സ എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർധനവുണ്ട്. ഇരു രാജ്യങ്ങൾക്കും വിനോദസഞ്ചാര വ്യവസായത്തിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം ആദ്യ പകുതിയിൽ ബഹ്റൈൻ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 87 ശതമാനം വർധനയുണ്ടായി. 2022 ൽ ഇതേ കാലയളവിൽ 269,302 പേരാണ് ബഹ്റൈൻ സന്ദർശിച്ചതെങ്കിൽ ഈ വർഷം 504,173 പേർ എത്തി.
വർഷത്തിന്റെ ആദ്യ പകുതിയിൽ ടൂറിസം വരുമാനം 48 ശതമാനം വർധിച്ച് 924 മില്യണിലെത്തി. 2022ൽ ഇതേ കാലയളവിലിത് 623 മില്യണായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും വർധിക്കുകയാണ്. 2005ൽ ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി വ്യാപാരം 575 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം അത് 1.6 ബില്യൺ ഡോളറായി വർധിച്ചു. നിക്ഷേപ രംഗത്ത്, മൊത്തം 1.4 ബില്യൺ ഡോളറുമായി ബഹ്റൈനിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഐടി, പുനരുപയോഗ ഊർജം എന്നിവയിലടക്കം ഇരു രാജ്യങ്ങൾക്കും വിപുലമായ സഹകരണ സാധ്യതയുണ്ട്. അരി, എല്ലില്ലാത്ത മാംസം, ചെമ്മീൻ, പഞ്ചസാര, പുതിയ പഴങ്ങളും പച്ചക്കറികളും, യന്ത്രസാമഗ്രികൾ, എഞ്ചിനീയറിങ് ഉൽപന്നങ്ങൾ, മരുന്നുകൾ, ആഭരണങ്ങൾ, പോളിമറുകൾ എന്നിവയാണ് ബഹ്റൈൻ പ്രധാനമായും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. യൂറിയ, മെഥനോൾ, ധാതു ഇന്ധനം, മിനറൽ ഓയിലുകൾ, ഇരുമ്പയിര്, അലുമിനിയം, ചെമ്പ്, പാലം വിഭാഗങ്ങൾ എന്നിവ ബഹ്റൈൻ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യം എന്നിവയിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം കൈവരിച്ച സമീപകാല വിജയങ്ങളെ ബഹ്റൈനിലെ നേതൃത്വവും സുഹൃത്തുക്കളും സ്വാഗതം ചെയ്ത കാര്യം അംബാസഡർ അനുസ്മരിച്ചു.
മിഡിൽ ഈസ്റ്റ് മേഖലയിലൂടെ ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയെ ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി സ്വാഗതം ചെയ്ത കാര്യവും നന്ദിപൂർവം അംബാസഡർ അനുസ്മരിച്ചു. ഇന്ത്യ-ബഹ്റൈൻ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമ അംബാസഡറെ സ്വാഗതം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.