ടോൺസിലുകളും അഡിനോയിഡുകളും; രോഗാണുവിനെ തടയുന്ന കാവൽക്കാർ
text_fieldsഡോ. ഗ്രേസ് സാമുവൽ സ്പെഷലിസ്റ്റ് ഇ.എൻ.ടി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ
ഇടക്കിടെയുണ്ടാകുന്ന ജലദോഷം, തൊണ്ടവേദന, കൂർക്കം വലി, വായ തുറന്നുള്ള ശ്വാസോച്ഛ്വാസം തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളിൽ കണ്ടാൽ അവഗണിക്കരുത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിെന്റ രണ്ട് പ്രധാന ഭാഗങ്ങളായ ടോൺസിലുകൾക്കും അഡിനോയിഡുകൾക്കുമുണ്ടാകുന്ന അണുബാധയും വീക്കവുമാണ് ഇതിന് കാരണം. ശരീരത്തിൽ അണുബാധയുണ്ടാകാതെ തടയുന്നതിൽ ഈ രണ്ട് ഗ്രന്ഥികൾ വഹിക്കുന്ന പങ്ക് വലുതാണ്. അതേസമയം, അണുബാധയുണ്ടായാൽ ഈ ഗ്രന്ഥികൾ ചുവന്ന് വീർക്കുന്നു. ചെവിയിലെ നീർക്കെട്ടിനും പഴുപ്പിനും ഇത് കാരണമാകാം. വായയുടെ പിന്നിൽ തൊണ്ടയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചെറിയ, വൃത്താകൃതിയിലുള്ള ഗ്രന്ഥിയാണ് ടോൺസിലുകൾ എന്നറിയപ്പെടുന്നത്. തൊണ്ടയിലെ കാവൽക്കാർ എന്ന് ഇവരെ വിളിക്കാം.
ഭക്ഷണത്തിലൂടെയും ശ്വാസ വായുവിലൂടെയും കടന്നുവരുന്ന രോഗാണുക്കളെ ആദ്യം നേരിടുന്നത് ടോൺസിൽ ഗ്രന്ഥികളാണ്. വായയുടെ മുകൾ ഭാഗത്ത് നാസാദ്വാരങ്ങൾക്ക് പിന്നിലായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് അഡിനോയിഡുകൾ.
ശരീരത്തിെന്റ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയും വീക്കവുമാണ് ടോണ്‍സിലൈറ്റിസ്.
അഡിനോയിഡുകൾക്കുണ്ടാകുന്ന വീക്കത്തെ അഡിനോയ്ഡൈറ്റിസ് എന്നും പറയുന്നു. ടോൺസിൽ ആൻഡ് അഡിനോയിഡ് ഹൈപ്പർട്രോഫി എന്നും പറയാറുണ്ട്. കർണപടത്തിനുള്ളിൽ നീർക്കെട്ടും പഴുപ്പുമുണ്ടാകുന്നതിനെ ഓട്ടിറ്റിസ് മീഡിയ എന്നാണ് വിളിക്കുന്നത്. ഈ അസുഖങ്ങളുള്ള ഒരു കുട്ടിക്ക് തൊണ്ടവേദന, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, കൂർക്കംവലി, ആന്തരിക ചെവിയണുബാധ എന്നിവ ഉണ്ടാകാം.
വീക്കമുണ്ടാകാൻ കാരണം?
വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസ്, പരാന്നഭോജികൾ, സിഗരറ്റ് പുക എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ടോൺസിലുകൾക്കും അഡിനോയിഡുകൾക്കും വീക്കമുണ്ടാകാം. വൈറസ് അല്ലെങ്കിൽ ബാക്ടീരിയ അണുബാധയുള്ള മറ്റ് കുട്ടികളുമായി അടുത്തിടപഴകുമ്പോൾ ടോൺസിൽ, അഡിനോയിഡ് അണുബാധക്കുള്ള സാധ്യത വർധിക്കുന്നു.
ലക്ഷണങ്ങൾ
ടോൺസിലുകൾക്കും അഡിനോയിഡുകൾക്കും വീക്കമുണ്ടാകുന്നതിെന്റ ലക്ഷണങ്ങൾ അണുബാധയുടെ കാരണവും തോതും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
വീക്കം പെട്ടെന്നുണ്ടാകുന്നതോ ക്രമേണ സംഭവിക്കുന്നതോ ആകാം. തൊണ്ടവേദന, വിഴുങ്ങുമ്പോഴുണ്ടാകുന്ന വേദന, വിശപ്പില്ലായ്മ, കടും ചുവപ്പ് നിറത്തിലുള്ള ടോൺസിലുകൾ, ടോൺസിലുകളിൽ വെള്ളയോ മഞ്ഞയോ പടം, പനി, വായ് നാറ്റം എന്നിവയാണ് ടോൺസിലൈറ്റിസിെന്റ ലക്ഷണങ്ങൾ. മൂക്കിനുപകരം വായിലൂടെ ശ്വസിക്കുക, തുടർച്ചയായി ഒഴുകുന്ന മൂക്ക്, മൂക്കിലൂടെയുള്ള സംസാരം, ആവർത്തിച്ചുള്ള ചെവി അണുബാധ, ഉറക്കത്തിൽ ശ്വാസംമുട്ടൽ, കുട്ടി ഉറങ്ങുമ്പോൾ കുറച്ച് നിമിഷങ്ങൾ ശ്വാസോച്ഛ്വാസം നിർത്തുമ്പോഴുണ്ടാകുന്ന കൂർക്കംവലി തുടങ്ങിയവയാണ് അഡിനോയിഡ് വീക്കത്തിെന്റ ലക്ഷണങ്ങൾ.
പരിഹാരമാർഗം
ടോൺസിലുകളുടെയും അഡിനോയിഡുകളുടെയും വീക്കം ഉൾപ്പെടെ ചെവി, മൂക്ക്, തൊണ്ട എന്നിവയിലെ അണുബാധ പരിഹരിക്കാൻ പ്രത്യേക പരിചരണ സംവിധാനങ്ങളുണ്ട്.
എങ്ങനെ കണ്ടെത്താം?
കുട്ടിയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മെഡിക്കൽ ചരിത്രത്തെക്കുറിച്ചും ചോദിക്കുകയും ചെവി, കഴുത്ത്, വായ, തൊണ്ട എന്നിവയുടെ ശാരീരിക പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ ഡോക്ടർക്ക് രോഗം കണ്ടെത്താൻ കഴിയും. അണുബാധ ബാക്ടീരിയ മൂലമാണോ വൈറസ് മൂലമാണോ എന്ന് നിർണയിക്കാൻ ത്രോട്ട് കൾചർ സഹായിക്കും.
കുട്ടിയുടെ വായ്ക്കുള്ളിൽ നോക്കിയാൽ ടോൺസിലുകൾ വലുതായിട്ടുണ്ടോ എന്ന് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ, അഡിനോയിഡുകൾ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പ്രയാസമാണ്. രോഗനിർണയം നടത്തുന്നതിനുള്ള ചെറിയ കുഴലായ എൻഡോസ്കോപ്, എക്സ്റേ, രക്തപരിശോധന, ഉറക്ക പഠനം എന്നിവയാണ് പരിശോധന മാർഗങ്ങൾ.
ചികിത്സ
രോഗം ഭേദമാകാൻ ഡോക്ടർ ആൻറിബയോട്ടിക്കുകൾ നിർദേശിച്ചേക്കാം. കുട്ടിക്ക് പതിവായി ടോൺസിൽ, അഡിനോയിഡ് അണുബാധകൾ ഉണ്ടെങ്കിൽ രോഗബാധിതമായ ഗ്രന്ഥി നീക്കംചെയ്യുന്ന ടോൺസിലക്ടമി, അഡിനോയ്ഡക്ടമി (T&A) എന്ന ഒരു നടപടിക്രമം ഡോക്ടർ ശുപാർശ ചെയ്തേക്കാം.
പലപ്പോഴും ടോൺസിലുകളും അഡിനോയിഡുകളും ഒരേസമയം നീക്കംചെയ്യപ്പെടുന്നു. എന്നാൽ ചിലപ്പോൾ ഏതെങ്കിലും ഒന്നായിരിക്കും നീക്കംചെയ്യുക. ചെവിയുടെ പ്രശ്നവും ഒരേ ഓപ്പറേഷനിൽ പരിഹരിക്കപ്പെടുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.