ഇന്ന് ഉയിർത്തെഴുന്നേൽപ്പ് ദിനം; ആഘോഷ നിറവിൽ വിശ്വാസികൾ
text_fieldsസെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിയുടെ നേതൃത്വത്തിൽ നടന്ന ദുഃഖവെള്ളി
ശുശ്രൂഷ
മനാമ: പെസഹ വ്യാഴവും ദുഃഖവെള്ളിയും കടന്ന് ഉയിർത്തെഴുനേൽപ്പിന്റെ ദിനാഘോഷത്തിലാണ് ലോക ക്രൈസ്തവ സമൂഹം. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹ വ്യാഴവും, പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശുമരണത്തെയും അനുസ്മരിക്കുന്ന ഭക്തിനിർഭരമായ ദുഃഖവെള്ളിയും വിശ്വാസികൾ ആദരവോടെ ആചരിച്ചു.
ദേവാലയങ്ങളിൽ വിശുദ്ധ കുർബാനക്കു പുറമേ, പ്രത്യേക പ്രാർഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങുകളുമായി പെസഹ വ്യാഴത്തെയും ദുഃഖവെള്ളിയെയും ധന്യമാക്കി. ബഹ്റൈനിലും വിശ്വാസികൾ പള്ളികളിലും മറ്റുമായി പ്രാർഥനകളും ഒത്തുചേരലുകളുമായി പരസ്പരം അനുഗ്രഹങ്ങൾ നൽകി.
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ശുശ്രൂഷ
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജം ഡയമൻഡ് ജൂബിലി ഹാളിൽ ദുഃഖവെള്ളി ശുശ്രൂഷ നടത്തി. ശുശ്രൂഷകൾക്ക് മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദിക ട്രസ്റ്റിയും ഇടവക വികാരിയുമായ വട്ടവേലിൽ സ്ലീബ പോൾ കോർഎപ്പിസ്കോപ്പ നേതൃത്വം നൽകി.
ബഹ്റൈൻ മലയാളി കത്തോലിക്ക കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന നഗരി കാണിക്കൽ ചടങ്ങ്
നെടുമ്പാശ്ശേരി സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. വർഗീസ് പാലയിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ എന്നിവർ സഹകർമികർ ആയിരുന്നു. തുടർന്ന് നടന്ന ചടങ്ങുകൾക്ക് ഇടവക സെക്രട്ടറി മനോഷ് കോര, ഇടവക ട്രസ്റ്റി ജെൻസൺ മണ്ണൂർ, ഇടവക വൈസ് പ്രസിഡന്റ് ബെന്നി പി. മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽനിന്നും ആയിരത്തിഅഞ്ഞൂറോളം വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ പങ്കെടുത്തു.
ബഹ്റൈൻ മലയാളി കത്തോലിക്ക കമ്യൂണിറ്റിയുടെ ദുഃഖവെള്ളി ശുശ്രൂഷ
ബഹ്റൈൻ മലയാളി കത്തോലിക്ക കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ദുഃഖ വെള്ളി ശുശ്രൂഷകൾ ഇസ ടൗണിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ നടന്നു. സ്കൂൾ മൈതാനിയിൽ നടന്ന പാപപരിഹാര പ്രദക്ഷിണത്തിന് ശേഷം (കുരിശിന്റെ വഴി) തുടർന്നു നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി ഫാ. ഫ്രാൻസിസ് ജോസഫ് ഒ.എഫ്.എം കാപ്. മുഖ്യ കാർമികത്വം വഹിച്ചു.
ഇസ ടൗണിലെ സേക്രഡ് ഹാർട്ട് സ്കൂൾ മൈതാനിയിൽ നടന്ന കുരിശിന്റെവഴി
കൂടാതെ, ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് ഒ.എഫ്.എം കാപ്., ഫാ. ജോൺ ബ്രിട്ടോ, ഫാ. ലിജോ ഏബ്രഹാം, ഫാ. സെബാസ്റ്റ്യൻ ഐസക് എന്നിവരുടെ സഹ കാർമികത്വത്തിൽ പീഡാനുഭവ ചരിത്ര വായനകൾ, കുരിശാരാധന, വി. കുർബാന സ്വീകരണവും കുരിശു രൂപം വണങ്ങലും നടന്നു. അതിനു ശേഷം സ്കൂൾ മൈതാനിയിൽ കർത്താവിന്റെ ശരീരവും വഹിച്ചു കൊണ്ടുള്ള നഗരി കാണിക്കലിൽ വൈദികരും ഏഴായിരത്തിലധികം വിശ്വാസ സമൂഹവും പങ്കെടുത്തു.
വിവിധയിടങ്ങളിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾ - ചിത്രം: സത്യൻ പേരാമ്പ്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

