വായനയിലൂടെ അറിവിന്റെ ലോകത്തേക്ക്
text_fieldsവായിച്ചതുകൊണ്ട് എന്തുനേടി എന്നും വെറുതെ സമയം കളയാതെ ആ നേരം വേറെ എന്തെല്ലാം കാണാനും കേൾക്കാനും സാധിക്കും എന്നൊക്കെ പലപ്പോഴും ആളുകൾ പറഞ്ഞപ്പോൾ സ്വന്തം തീരുമാനത്തിൽ മാത്രം ഉറച്ചുനിന്നതുകൊണ്ട് ഇന്ന് പലതും എഴുതാനും അതുപോലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും കഴിയുന്നു. പഴയ കാലത്തിന്റെ കാലടിപ്പാടുകളല്ല ഇന്നത്തെ പുതിയ തലമുറകൾ നോക്കിനടക്കുന്നത്, അവർക്ക് ചിന്തിക്കാനോ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനോ കഴിയാതെ പോകുന്നു. ഞാൻ ഉണ്ടായിരുന്നോ എന്നുപോലും പ്രകൃതിയോട് തന്നെ ചോദിക്കേണ്ടിവരുന്ന ഒരു പ്രത്യേകയുഗത്തിലാണ് മനുഷ്യരായ നമ്മളൊക്കെ ഇന്ന് ജീവിക്കുന്നത്.
പലപ്പോഴും നമ്മുടെ കണ്ണുകളെ കാണിക്കുന്ന ഒരു കാഴ്ചയാണ് പഴയ മനുഷ്യർ പത്രവും വാങ്ങി പോകുന്ന ഒരു യാത്ര. എന്തുകൊണ്ട് അവർ ഇന്നും വായനയെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ വായനയിൽക്കൂടെ ലഭിക്കുന്ന അറിവും അക്ഷരങ്ങളും ഒരിക്കലും കേട്ടതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ നേടിയെടുക്കാൻ സാധിക്കില്ല എന്നതാണ്. ഇംഗ്ലീഷിൽ എഴുതിയാൽ മുന്നോട്ടും പിന്നോട്ടും വായിക്കാൻ സാധിക്കുന്ന മലയാളം എന്ന ഭാഷ വിദേശത്ത് എത്തിയപ്പോൾ നഷ്ടമായിപ്പോയി എന്ന് വിചാരിച്ച നിമിഷമാണ് ‘ഗൾഫ് മാധ്യമം’ എന്ന മലയാള ദിനപത്രം വാർത്തകളും വിശേഷങ്ങളുമായി അടുത്ത് എത്തിയത്. ജോലിക്ക് മുന്നേ പെട്ടന്ന് ഒന്ന് ഓടിച്ചുനോക്കിയതിനുശേഷം ചൂട് ചായക്കൊപ്പം സമയമെടുത്ത് വായിച്ചറിഞ്ഞ പല നേരുകളും ഇന്നും മറക്കാത്ത ഒരു അറിവാണ്.
ചിലപ്പോൾ കിട്ടാത്ത പത്രത്തെക്കുറിച്ച് ഏറെ ചിന്തിച്ചിട്ടുണ്ട്. അതിൽ എന്തായിരിക്കും കാണാതെ അറിയാതെ പോയത് എന്നൊരു ചിന്ത മനസ്സിൽ ഉണ്ടായിട്ടുണ്ട്. പത്രം കിട്ടിയില്ലെങ്കിൽ കിട്ടുന്ന സ്ഥലത്തുനിന്ന് വാങ്ങിക്കാൻ വരെ പ്രിയപ്പെട്ടവരോട് പറഞ്ഞിട്ട് അതിനായി കാത്തിരുന്ന നിമിഷങ്ങളുണ്ട്. അത്രമാത്രം വേണ്ടപ്പെട്ടതായി തീരാൻ കാരണം വായനയും അതിനോടുള്ള ഇഷ്ടവുമായിരുന്നു.
എന്റെ മുറിയിലുള്ള പുസ്തകങ്ങളിലെ വാക്കുകളെക്കാൾ കൂടുതൽ വാക്കുകൾ ഒന്നിച്ചുവെച്ചിരിക്കുന്ന ഗൾഫ് മാധ്യമത്തിന്റെ പത്രങ്ങളിൽ ഉണ്ട് എന്നത് നഗ്നസത്യമാണ്.
നിറം മങ്ങിയ പത്രങ്ങൾ ചോദിച്ചിട്ടും കൊടുക്കാതെ വെച്ചിട്ടുണ്ട്. ഒരിക്കൽ ഈ മരുഭൂമിയിൽ മലയാളം ബോർഡ് അല്ലാതെ വായിക്കാൻ എനിക്ക് ഒരു പുസ്തകവും കിട്ടിയില്ല, അന്ന് കൂടെ കൂട്ടിയതാണ് ഗൾഫ് മാധ്യമം. വായിച്ച് വായിച്ച് എഴുതി ആ എഴുത്തിന് പുതിയ കര കണ്ട് അവിടെയും കുത്തിക്കുറിച്ചു.
വായന ബാക്കിവെച്ച് നിറമുള്ള സോഷ്യൽമീഡിയയുടെ പിന്നാലെയാണ് മനുഷ്യർ. അവിടെ വായന വളരുകയില്ല എന്നതാണ് വസ്തുത. പഴയതുപോലെ പുതിയ തലമുറക്ക് അറിവ് പകരാൻ പുസ്തകവും പത്രങ്ങളും അതുപോലെ നല്ല വായനമുറികളും ലഭിക്കുമ്പോൾ മാത്രമേ നല്ലൊരു സമൂഹമായി അവർക്ക് മികച്ചൊരു വർത്തമാനലോകം കെട്ടി ഉയർത്താൻ സാധിക്കൂ. അതിനാൽ വായന വളരാൻ വീണ്ടും ഒന്നിച്ചു നിൽക്കാം, പത്രവായനയിൽത്തന്നെ അടിസ്ഥാനം തുടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

